കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിൽ നിക്ഷേപിച്ചിട്ടുള്ള രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യുന്നത് ഒരാഴ്ചക്കകം പൂർത്തിയായില്ലെങ്കിൽ അതാത് ഭൂവുടമകൾക്കും മാലിന്യം കൊണ്ടുവന്ന വാഹന ഉടമകൾക്കുമെതിരെ ക്രിമിനൽ നടപടികളും റവന്യൂ റിക്കവറിയും ആരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നു. രാസമാലിനും കലർന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14ന് ഇരിങ്ങാലക്കുട ആർ.ഡിഒ ഉത്തരവിട്ടിട്ടും മെല്ലെപ്പോക്ക് തുടരുന്ന പശ്ചത്തലത്തിലാണ് ഭൂവുടമകൾക്കും മാലിന്യം കൊണ്ടുവന്ന വാഹന ഉടമകൾക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിഷമാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകാതെ തന്നെ ക്രിമിനൽ നടപടിപ്രകാരമുള്ള നടപടികളും റവന്യൂ റിക്കവറി നടപടികളും ആരംഭിക്കാനാണ് സർക്കാർ തീരുമാനം. എറിയാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തണ്ണീർത്തടങ്ങളും തോടുകളും കുളങ്ങളുമടങ്ങിയ ഭൂമിയാണ് എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി വളപ്പിൽ നിന്നും രാസമാലിന്യം കലർന്ന മണ്ണ് കൊണ്ടുവന്ന് നികത്തിയത്. പിന്നീട് നടന്ന പരിശോധനയിൽ വിഷം കലർന്ന മണ്ണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് രാസമാലിന്യം കലർന്ന മണ്ണ് കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ച് നിക്ഷേപിക്കാനായിരുന്നു ആർ.ഡി.ഒ ഉത്തരവിറക്കിയത്. അടുത്ത ദിവസം മുതൽ രാസമാലിന്യം കലർന്ന മണ്ണ് നീക്കം തുടങ്ങിയെങ്കിലും പേരിൽ മാത്രമായി ഒതുങ്ങി. ചില ഭൂവുടമകളും ലോറിക്കാരും സഹകരിച്ചുവെങ്കിലും മറ്റുള്ളവർ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിയുന്ന സ്ഥിതിയായി. എന്നാൽ ഭൂമിയുടമകളും ഇടനിലക്കാരും ആർ.ഡി.ഒ തീരുമാനം അട്ടിമറിക്കാനാൻ ശ്രമം നടത്തുന്നതായി ആരോപണവുമായി നാട്ടുകാരും രംഗത്തുവരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കൊടുങ്ങല്ലൂർ തഹസിൽദാർ കെ.പി. രമേശൻ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ കെ.കെ. വത്സരാജ് എം.എൽ.എ അദ്ധ്യക്ഷനായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, സെക്രട്ടറി റിഷി, കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, ജില്ലാ പഞ്ചായത്ത് പ്രതിനിധി നൗഷാദ് കറുകപ്പാടത്ത്, വാർഡ് മെമ്പർമാരായ കെ.എം.സാദത്ത്, സി.ഡി. വിജയൻ, ഭൂവുടമകൾ, വാഹന ഉടമകൾ, ഡ്രൈവർമാർ, ഗ്രാമവാസികൾ എന്നിവരുൾപ്പെടെ അവലോകന യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |