തൃശൂർ: ഇന്ന് ലോക ഹൃദയ ദിനം. ഹൃദ്രോഗികളുടെ എണ്ണം കൂടുമ്പോഴും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കേണ്ടത് നാല് മാസത്തിലേറെ. പരിമിത സൗകര്യങ്ങൾക്കുള്ളിൽ പ്രതിവർഷം നൂറോളം തുറന്ന ഹൃദയ ശസ്ത്രക്രിയകളാണ് ഇവിടെ നടക്കുന്നത്. ആഴ്ചയിൽ രണ്ട് ശസ്ത്രക്രിയകൾ മാത്രമാണ് നിലവിൽ നടത്തുന്നത്. കാത്തിരിപ്പ് കുറയ്ക്കണമെങ്കിൽ ഐ.സി.യുവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാൻ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, ഓപ്പറേഷൻ തിയേറ്റർ ജീവനക്കാർ എന്നിവരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ ഒഴിവുകൾ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നൂലാമാലകൾ ഏറെയാണ്.
തിക്കിത്തിരക്കി ഒ.പി
കഴിഞ്ഞ വർഷം മാത്രം 45,373 പേരാണ് കാർഡിയോളജി ഒ.പി.യിലെത്തിയത്. ഈ വർഷം ഇന്നലെ വരെയുള്ള കണക്ക് 30,000 കടന്നു. ജില്ലാ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ എണ്ണം ജില്ലയിൽ ലക്ഷത്തിലേറെയാകും. മെഡിക്കൽ കോളേജിൽ മാസത്തിൽ എട്ട് ഒ.പി.കളിലായി 3,500 മുതൽ 4,500 വരെ പേരാണ് ചികിത്സ തേടുന്നത്. പ്രതിവർഷം 12,000ത്തിലേറെ പേരെ കിടത്തി ചികിത്സിക്കുന്നുമുണ്ട്.
രാത്രിയിൽ വട്ടംചുറ്റും
കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവും പ്രതിസന്ധിയാണ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിലവിലെ സേവനം. രാത്രികാലങ്ങളിൽ ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമുള്ള ഒ.പി. നാല് ദിവസമാക്കണമെന്ന ആവശ്യവുമുണ്ട്.
രോഗികളേറെ
ജില്ലാ ജനറൽ ആശുപത്രിയിൽ പ്രതിമാസം 700ലേറെ പേരാണ് ഹൃദയവിഭാഗത്തിൽ ചികിത്സ തേടുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ 5,000ലേറെ പേർക്ക് കൊറോണറി ആൻജിയോഗ്രാഫിയും കൊറോണറി ആൻജിയോപ്ലാസ്റ്റിയും നടത്തിയതായി സൂപ്രണ്ട് താജ്‌പോൾ പറഞ്ഞു. ഹൃദയവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒരിടത്ത് ക്രമീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം മേയർ അഞ്ചിന് നിർവഹിക്കും.
ഹൃദയവിഭാഗം കണക്കുകൾ
(2025ഒക്ടോബർ മുതൽ ഇതുവരെ)
കൊറോണറി ആൻജിയോഗ്രാഫി - 875
കൊറോണറി ആൻജിയോപ്ലാസ്റ്റി - 617
പേസ്‌മേക്കർ നിക്ഷേപിക്കൽ - 30
പ്രത്യേക പേസ്‌മേക്കർ ചികിത്സ- 02
ഐ.സി.ഡി - 1
പെരിഫറൽ ആൻജിയോപ്ലാസ്റ്റി - 01
ഹൃദയത്തിലെ ദ്വാരം അടയ്ക്കൽ - 04
കത്തീറ്റർ വഴി വാൽവ് മാറ്റിവയ്ക്കൽ - 01
ബലൂൺ ഉപയോഗിച്ച് വാൽവ് തുറക്കൽ - 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |