പുതുക്കാട്: ആറ്റപ്പിള്ളി പാലം പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള സർക്കാർ അനുമതി വൈകുന്നതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാലം കമ്മിറ്റി. പാലത്തിന്റെ മറ്റത്തൂർ ഭാഗത്തെ തകർന്ന അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി സെക്രട്ടറി ജോസഫ് ചെതലൻ വീണ്ടും കോടതിയെ സമീപിക്കുന്നത്. ടെൻഡറിൽ പങ്കെടുത്ത ഏക കരാറുകാരൻ എസ്റ്റിമേറ്റ് തുകയേക്കാൾ 19.87 ശതമാനം അധിക തുകയ്ക്കാണ് പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറായത്. ഇതോടെ തുടർനടപടികൾ നിലച്ചു. ഹർജി പരിഗണിച്ച ബെഞ്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് ആറുമാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സർക്കാരിന് നിർദ്ദേശം നൽകി. കഴിഞ്ഞ മാർച്ച് 23ന് ഹർജി തീർപ്പാക്കി.
പലവട്ടം സമ്മർദ്ദം ചെലുത്തി: എം.എൽ.എ.
സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഐ.ഡി.ആർ.ബി സംഘം ആറ്റപ്പിള്ളി സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ. സാങ്കേതികമായ പൂർണത ബോധ്യപ്പെടാത്തതിനാൽ ആദ്യ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകിയില്ല. തുടർന്ന് നിയമസഭയിൽ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിദഗ്ധസംഘം ആറ്റപ്പിള്ളി സന്ദർശിച്ചു. സംഘം തയ്യാറാക്കിയ 18.9 കോടി രൂപയുടെ എസ്റ്റിമേറ്റും1.22 കോടി രൂപയുടെ അപ്രോച്ച് റോഡിന്റെ അധിക തുകയ്ക്കുള്ള അനുമതിക്കുമായിട്ടാണ് സർക്കാരിൽ ശുപാർശ സമർപ്പച്ചത്.
2024ലെ ബഡ്ജറ്റ് സമ്മേളനത്തിലും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫണ്ട് വകയിരുത്തിയതായി അറിയിച്ചു. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ. പറഞ്ഞു.
46 വർഷത്തെ പോരാട്ടം
ചർച്ചകൾക്കൊടുവിൽ 1980ലാണ്ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജ് കമ്മിറ്റി രൂപീകരിച്ചത്. ചിറ്റത്തുകാട്ടിൽ പരേതനായ ഗോവിന്ദൻ നായർ എന്ന സി.ജി. നായർ പ്രസിഡന്റും ചിറ്റത്തുകാട്ടിൽ ഗോപിനാഥൻ സെക്രട്ടറിയും കോശ്ശേരി ശങ്കരനാരായണൻ മാസ്റ്റർ രക്ഷാധികാരിയുമായി. ചോനേടൻ ലോനക്കുട്ടി മാസ്റ്റർ, പേഴേരി നാരായണൻ നായർ, ജോസഫ് ചെതലൻ, തൃശൂക്കാരൻ ലോനപ്പൻ, കുണ്ടനി സതീർത്ഥ്യൻ, കുണ്ടനി പരമേശ്വരൻ, കുണ്ടനി ശിവരാമൻ, കെ.എസ്. ദിലീപ് കുമാർ, കുണ്ടനി മുകുന്ദൻ, കെ.പി. ആന്റണി തുടങ്ങിയവരും കമ്മിറ്റിയിൽ സജീവമായിരുന്നു. ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പലരും പ്രവർത്തനത്തിൽനിന്ന് പിന്മാറി. എന്നാൽ 90 പിന്നിട്ട ജോസഫ് ചെതലൻ ഇന്നും പാലത്തിനായുള്ള പോരാട്ടത്തിൽ മുന്നിലുണ്ട്.
പുസ്തകത്തിലും പോരാട്ടം
46 വർഷത്തെ പോരാട്ടത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി 'ആറ്റപ്പിള്ളി പാലം പിന്നിട്ട വഴികൾ' എന്ന പേരിൽ ജോസഫ് ചെതലൻ പുസ്തകവും പ്രസിദ്ധീകരിച്ചു. 'പുഴയോരം സാക്ഷി', 'ദൈവത്തിന്റെ കയ്യൊപ്പ്' എന്നീ പുസ്തകങ്ങളും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന ജോസഫ് നന്തിപുലം സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഡയറക്ടർ ബോർഡ് അംഗവും ഹോണററി സെക്രട്ടറിയുമായിരുന്നു.
അവസാനിച്ചു....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |