തൃശൂർ: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണത്തിന് ഇന്നലെ തുടക്കമായി. അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാണം നിറുത്തിവച്ചത്. ഒടുവിൽ വ്യാപാരി ജില്ലാ നേതാക്കളും കോർപ്പറേഷൻ അധികൃതരും ചേർന്ന് നടത്തിയ ചർച്ചയിൽ 50 മീറ്റർ നടപ്പാത നിർമ്മിച്ച് കാണിച്ചാൽ അംഗീകരിക്കാമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെയാണ് വീണ്ടും നിർമ്മാണം തുടങ്ങിയത്. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച പ്രവൃത്തികൾ വൈകിട്ടോടെ പൂർത്തിയായതായി കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. ഗ്രില്ലുകളുടെ പണി, പൈപ്പ് ലൈൻ സ്ഥാപിക്കൽ, റോഡും ഫുട്പാത്തും തമ്മിലുള്ള ഭാഗത്ത് കോൺക്രീറ്റ് ഫില്ലിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. നിർമ്മാണത്തിനിടെ ചില വ്യാപാരികൾ സ്ഥലത്തെത്തി. സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളും ഉപഭോക്താക്കളും കയറുന്നതിന് തടസമില്ലാത്തവിധം സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചു. ചെട്ടിയങ്ങാടിക്ക് സമീപമുള്ള സൂഡിയോയുടെ ഭാഗത്തെ നടപ്പാതയുടെ ഉയരക്കൂടുതൽ പൊളിച്ചുനീക്കി പരിഹരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കാനയുടെ സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്നും അതിന് മുകളിൽ നടപ്പാത സ്ലാബുകൾ വിരിക്കുന്നത് അശാസ്ത്രീയമാണെന്നും ആരോപിച്ചാണ് വ്യാപാരികൾ നേരത്തെ പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് നിർമ്മാണം നിറുത്തിവച്ചെങ്കിലും ശാസ്ത്രീയവും പ്രായോഗികവുമാണെന്ന് പി.ഡബ്ല്യു.ഡി. വകുപ്പും തൃശൂർ എൻജിനിയറിംഗ് കോളേജിലെ വിദഗ്ധരും ശരിവച്ചതോടെ വ്യാപാരികളും അംഗീകരിക്കുകയായിരുന്നു.മൂന്നടി വീതിയിലാണ് നടപ്പാത നിർമ്മിക്കുന്നത്. 2025 ആഗസ്റ്റിലാണ് റോഡ് തുറന്നത്. പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും കരാറുകാരനെ ലഭിച്ചില്ല. 2026 മേയിൽ കരാറുകാരനെ ലഭിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നീണ്ടുപോയി.
ഉപയോഗയോഗ്യമാകാൻ 14 ദിവസം
നടപ്പാതയിലെ കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി കുറഞ്ഞത് ഏഴ് ദിവസമെങ്കിലും നനയ്‌ക്കേണ്ടതുണ്ട്. പൂർണമായി ഗതാഗതത്തിനും ഉപയോഗത്തിനും സജ്ജമാകാൻ ഏകദേശം 14 ദിവസമെടുക്കും. നിർമ്മാണം വ്യാപാരികളും അംഗീകരിച്ചാൽ 2027ന് മുൻപേ കുറുപ്പം റോഡിൽ നടപ്പാത ഒരുങ്ങും. സ്വരാജ് റൗണ്ട് മുതൽ കൂർക്കഞ്ചേരി വരെയുള്ള കുറുപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി ആകെ 4.6 കിലോമീറ്റർ ദൂരത്തിലാണ് നടപ്പാത നിർമ്മിക്കുന്നത്. ആദ്യഘട്ടമായി കൊക്കാലെ മെട്രോ തോടിന് തൊട്ടുമുമ്പ് വരെയുള്ള 1.25 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |