ചാലക്കുടി: ശക്തമായ മഴയിലും മിന്നൽച്ചുഴലിയിലും ചാലക്കുടിയിൽ വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി. ട്രങ്ക് റോഡ് ജംഗ്ഷനിൽ മരം വീണ് കാർ തകർന്നു. ആളപായമില്ല. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ട്രങ്ക് റോഡ് ജംഗ്ഷനിലെ ഹോട്ടൽ സിദ്ധാർത്ഥയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേയ്ക്കാണ് മരം വീണത്. തൊട്ടടുത്ത കാറുകൾക്കും കേടുപാടുണ്ടായി. ചേനത്തുനാട്ടിലെ സെന്റ് ജെയിംസ് അക്കാഡമി റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ചൂളമരം നിലം പതിച്ചു. പടിഞ്ഞാറെ ചാലക്കുടിയിൽ കണിച്ചിക്കാട്ടിൽ ജോർജിന്റെ വീടിന് മുകളിൽ മരം വീണു. മൂഞ്ഞേലി റോഡിൽ വൈദ്യുതി ലൈനിൽ കവുങ്ങ് വീണു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. ചാലക്കുടി അഗ്‌നിശമന സേന സ്ഥലങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |