തൃശൂർ: കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക നാശവും ലോകത്തിന് ഭീഷണിയാകുമ്പോൾ പ്രകൃതി സംരക്ഷണത്തിന് വിപ്ലവച്ചുവടുമായി കേരളത്തിന്റെ 'റെഡ് ലിസ്റ്റ്'. ആവാസവ്യവസ്ഥകളുടെ ആരോഗ്യം ആഗോള മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ ആവാസവ്യവസ്ഥയെയും ഒന്നാകെ വിലയിരുത്തി സുരക്ഷാവലയം തീർക്കുകയാണ് പദ്ധതിയിലൂടെ. കേരള വനഗവേഷണ സ്ഥാപനവും കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ അംഗീകാരവും സാമ്പത്തിക പിന്തുണയുമുണ്ട്. രണ്ടുവർഷം നീളുന്ന പദ്ധതിക്ക് 30 ലക്ഷം രൂപയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായുള്ള പഠനത്തിൽ പ്രൊജക്ട് ഫെല്ലോസും ഗവേഷണ വിദ്യാർത്ഥികളും പങ്കാളികളാകും. കെ.എഫ്.ആർ.ഐയിലെ ഡോ. ദീപു ശിവദാസും ഡോ. അമിതാബ് ബച്ചനും പദ്ധതിക്കൊപ്പമുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഒഫ് കൺസർവേഷൻ ഒഫ് നേച്ചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് ഒഫ് ഇക്കോസിസ്റ്റംസ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. 2023 മാർച്ചിൽ ഐ.യു.സി.എൻ കമ്മിഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്മെന്റുമായി ചേർന്ന് കെ.എഫ്.ആർ.ഐ നടത്തിയ അന്താരാഷ്ട്ര ശില്പശാലയാണ് പഠനത്തിനാധാരം. പരമ്പരാഗത പാരിസ്ഥിതിക അറിവുകളും സാറ്റ്ലൈറ്റ് മാപ്പിംഗും സംയോജിപ്പിച്ചാണ് പഠനം. 14 ജില്ലകളിലും വിലയിരുത്തലുണ്ടാകും.
ഭീഷണിയായി 'പച്ച മരുഭൂമി'
രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ വയനാട്ടിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങിൽ വൻതോതിൽ വളരുകയാണ്. 2003ൽ മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രമുണ്ടായിരുന്ന ഇവ 2023ൽ നൂറിരട്ടിയലധികം വ്യാപിച്ചു. ചോലവനങ്ങൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ, നദീതീരങ്ങളിലെ 'റൈപേറിയൻ ഫോറസ്റ്റ് ഇക്കോസിസ്റ്റം' ശുദ്ധജല നദീശൃംഖലകൾ, കുളത്തൂപ്പുഴയിലെയടക്കമുള്ള ശുദ്ധജല ചതുപ്പുകാടുകൾ തുടങ്ങിയ ആവാസവ്യവസ്ഥകളെക്കുറിച്ച് പഠിക്കും. തുടർന്ന് ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളെ പ്രാപ്തരാക്കും.
അധിനിവേശ സസ്യങ്ങൾ വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കൊങ്ങിണിപ്പൂച്ചെടിയുടെ വ്യാപനംമൂലം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ 40 ശതമാനത്തോളം നഷ്ടപ്പെട്ടെന്നാണ് കണക്ക്.
- കണ്ണൻ സി.എസ്. വാര്യർ, ഡയറക്ടർ, കെ.എഫ്.ആർ.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |