
ആറ്റൂർ: ജില്ലാ സി.ബി.എസ്.ഇ സഹോദയ കലോത്സവ വേദിയിൽ ഒരു നാടിന്റെ ദുരന്തത്തിന്റെ ഓർമ്മകൾക്ക് ആദരാഞ്ജലി അർപ്പിച്ച് വിദ്യാർത്ഥികൾ. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ നടുക്കവും കണ്ണീരും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുടെ ധീരതയും സംഘനൃത്തത്തിലൂടെ അവതരിപ്പിച്ച ഒളരിക്കര ലിറ്റിൽ ക്വീൻ പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനവും ലഭിച്ചു. സംസ്ഥാന കലോത്സവത്തിലേക്കും സംഘം തെരഞ്ഞെടുക്കപ്പെട്ടു. ദുരന്തം ജനങ്ങളിലുണ്ടാക്കിയ നടുക്കം, ദുരിതത്തിലായവരെ സഹായിക്കാൻ ഓടിയെത്തിയ നാട്ടുകാരുടെ മനുഷ്യത്വം, അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുടെ സന്ദേശം ഇവയെല്ലാം ചുവടുകളിലും ഭാവങ്ങളിലും പകർന്നപ്പോൾ സദസ് കണ്ണീരോടെയാണ് കൈയടിച്ചത്. ദുരന്തത്തിൽനിന്ന് ഉൾക്കൊള്ളേണ്ട വലിയൊരു സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് നൃത്തം ഒരുക്കിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ സി. ലിയ തെരേസ് പറഞ്ഞു. നൃത്താദ്ധ്യാപകൻ അരുൺ നമ്പലത്താണ് സംഘനൃത്തം ചിട്ടപ്പെടുത്തിയത്. ജ്യോതിഷ് തെക്കേടത്ത് ഗാനരചന. വിനോദ് കുക്കു വസ്ത്രാലങ്കാരവും കേശാലങ്കാരവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |