
തൃശൂർ: കല്യാൺ ജുവല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനിരുന്ന തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെ തൃശൂർ സന്ദർശനം കനത്ത മഴയെത്തുടർന്ന് മാറ്റിവച്ചു. കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് സന്ദർശനം മാറ്റിവച്ചതായി അറിയിച്ചത്. മറ്റൊരു ദിവസം അദ്ദേഹം തൃശൂരിലെത്തുമെന്ന് കല്യാൺ ജുവല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കോയമ്പത്തൂരിലെ പരിപാടിയിൽ പങ്കെടുത്തശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഹെലികോപ്ടർ മാർഗം വിജയ് പുഴയ്ക്കലിലെത്തുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി പുഴയ്ക്കലിൽ ബൗൺസർമാരുടെ നീണ്ടനിരയ്ക്കു പുറമേ വലിയ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. തമിഴ്നാട്ടിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമായി നിരവധി ആരാധകരും മാദ്ധ്യമപ്രവർത്തകരും ശോഭാ സിറ്റിയിലെത്തിയിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെ വിജയ്യും സംഘവും യാത്രയ്ക്ക് തയ്യാറായെങ്കിലും കനത്ത മഴമൂലം യാത്ര വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷവും മഴ തുടർന്നതോടെ സന്ദർശനം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെ കാത്തുനിന്ന ആരാധകർ നിരാശരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |