
തൃശൂർ: നട്ടെല്ലിനെ ബാധിക്കുന്ന വിട്ടുമാറാത്ത വാതരോഗമായ 'ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ്' ബാധിതർക്കുള്ള സൗജന്യ മരുന്നുവിതരണം മുടങ്ങിയിട്ട് ആറുമാസം. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി സർക്കാർ സൗജന്യമായി നൽകിയിരുന്ന ജീവൻരക്ഷാ മരുന്നുകളാണ് മുടങ്ങിയത്. സംസ്ഥാനത്ത് അമ്പതിനായിരത്തോളം പേർ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. അഡാലിമുമാബ്, എറ്റനെർസെപ്റ്റ്, ടൊഫാസിറ്റിനിബ് തുടങ്ങിയ ഉയർന്ന ചെലവുള്ള മരുന്നുകളുടെ വിതരണമാണ് തടസപ്പെട്ടത്. മുൻപ് ഒരു ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന മരുന്നുകൾക്ക് ഇന്ത്യൻ ഉത്പാദനം വന്നതോടെ 25,000 രൂപയായി കുറഞ്ഞിരുന്നു. എങ്കിലും പ്രതിമാസം 25,000മുതൽ 50,000രൂപ വരെ മരുന്നുകൾക്കായി ചെലവഴിക്കണമെന്ന സ്ഥിതി പലർക്കും താങ്ങാനാകാത്തതാണ്. തിരഞ്ഞെടുപ്പ് വേളയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുൻപുള്ള അഞ്ച് മാസം മുമ്പാണ് ഇഞ്ചക്ഷൻ വിതരണം നിലച്ചത്. പിന്നീട് യു.ഡി.എഫ് സർക്കാരും ഇക്കാര്യത്തിൽ ശ്രദ്ധ നൽകിയില്ലെന്നാണ് രോഗികളുടെ പരാതി.
തൃശൂരിലും പ്രതിസന്ധി
തിരുവനന്തപുരം, തൃശൂർ എന്നീ രണ്ട് കേന്ദ്രങ്ങൾ വഴിയാണ് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ്' രോഗബാധിതർക്ക് മരുന്ന് വിതരണം ചെയ്യുന്നത്. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ മാത്രം മുന്നൂറോളം പേർ ഇഞ്ചക്ഷൻ സ്വീകരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ റുമറ്റോളജി വിഭാഗത്തിൽ ഡോക്ടറില്ലാത്തതും പ്രതിസന്ധിയാകുന്നു. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിറ്റേഷൻ വിഭാഗത്തിലെയും മറ്റ് ഡോക്ടർമാരുടെയും സഹായത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിൽ നിന്നുള്ള രോഗികളും തൃശൂരിനെയാണ് ആശ്രയിക്കുന്നത്.
മരുന്നില്ലെങ്കിൽ വൈകല്യം
മരുന്നില്ലെങ്കിൽ രോഗികൾ ശാരീരിക വൈകല്യങ്ങളിലേക്കും ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുമെന്നതാണ് ആശങ്ക. കൃത്യസമയത്ത് ബയോളജിക്കൽ ഇഞ്ചക്ഷനുകളും മരുന്നുകളും ലഭിക്കാത്തത് ചെറുപ്പക്കാരെപ്പോലും ഗുരുതരമായ അംഗവൈകല്യത്തിലേക്ക് എത്തിക്കും. പ്രതിസന്ധി പരിഹരിക്കാൻ മരുന്നുവിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ഫെഡറേഷൻ ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെങ്കിലും മൂന്നുമാസമായിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |