SignIn
Kerala Kaumudi Online
Sunday, 18 October 2026 5.49 AM IST

ബസ് സമയത്തെച്ചൊല്ലി തർക്കം, കത്തിക്കുത്ത്; മൂക്കുകയറില്ലാതെ മത്സരയോട്ടം

d

 ബസ് ജീവനക്കാരിലെ ലഹരിഉപയോഗം തടയാനാകാതെ പൊലീസ്

തൃശൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാകുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് ശക്തൻ സ്റ്റാൻഡിൽ ബസുകളുടെ സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കത്തിക്കുത്ത് അരങ്ങേറിയതിന്റെ ഞെട്ടലിൽ തൃശൂർ. ബസ് ജീവനക്കാർക്കും തൊഴിലാളികൾക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കാൻ മോട്ടോർ വാഹനവകുപ്പ് ശ്രമം നടത്തിയപ്പോൾ തൊഴിലാളി സംഘടനകളും ബസ് ഉടമകളും ഒന്നടങ്കം എതിർത്തിരുന്നു. ഇതോടെ പദ്ധതി നടപ്പായില്ല. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ബസ് ജീവനക്കാർക്ക് പി.സി.സി.നിർബന്ധമാക്കണമെന്ന ആവശ്യമാണ് ശക്തനിലെ സംഭവത്തോടെ വീണ്ടും ഉയരുന്നത്.

പ്രശ്‌നറൂട്ടിൽ ക്രിമിനലുകൾ

പ്രശ്‌നറൂട്ടുകളിൽ എതിരാളികളെ നേരിടാൻ പല ബസ് ഉടമകളും ക്രിമനൽ പശ്ചാത്തലമുള്ള ജീവനക്കാരെ തന്നെ നിയോഗിക്കുന്നതായാണ് വിവരം. കാഞ്ഞാണി, കുന്നംകുളം, കൊടുങ്ങല്ലൂർ റൂട്ടുകളിലാണ് സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും മത്സരയോട്ടവും അധികമുള്ളത്. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗവും അക്രമങ്ങളും വർദ്ധിച്ചുവരുന്നതായും ആക്ഷേപമുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും തൊഴിലാളി സംഘടനകളുടെയും ഉടമകളുടെയും എതിർപ്പ് കാരണം നടപടികൾ വൈകുകയാണ്.

മരണ പാച്ചിൽ പല വഴിയിലൂടെ

സ്വകാര്യ ബസുകളുടെ മരണ പച്ചിൽ പല വഴിയിലൂടെ. ശക്തനിൽ നിന്ന് പാലക്കാട്,പീച്ചി, മണ്ണുത്തി മേഖലകളിലേക്ക് പോകുന്ന ബസുകളാണ് ഇടവഴികളിലൂടെയും മറ്റും മരണ പാച്ചിൽ നടത്തുന്നത്. സ്‌കൂൾ സമയങ്ങളിൽ പോലും ബസുകൾ അനുവദിച്ച റൂട്ടിലൂടെ അല്ലാതെ ചീറി പായുന്നത് വഴിയാത്രികർക്കും ചെറിയ വാഹനങ്ങൾക്കും ഭീഷണിയാകുന്നു. സ്വകാര്യ ബസുകളിൽ രാവിലെ എഴ് മണി മുതൽ വൈകിട്ട് എഴു മണി വരെയാണ് വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാറുള്ളത്. എന്നാൽ ചുരുക്കം സർവീസുകൾ മാത്രമുള്ള റൂട്ടുകളിൽ എഴു മണിക്ക് രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ കയറിയാൽ പോലും കൺസഷൻ അനുവദിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ചീത്തവിളിയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

നിസഹായാവസ്ഥയിൽ പൊലീസ്
ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ കഴിയാതെ പൊലീസ്. മദ്യപാനം പരിശോധിക്കാൻ ബ്രീത്ത് അനലൈസർ ഉണ്ടെങ്കിലും, കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ഗുരുതരമായ സിന്തറ്റിക് ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള കിറ്റുകളോ ആധുനിക മെഷീനുകളോ പൊലീസ് സ്റ്റേഷനുകളിലില്ല.

സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാൽ തിരിച്ചറിയുന്ന 'അബാൻഡഡ് പരിശോധനാ കിറ്റുകൾ' പൊലീസ് സ്റ്റേഷനുകളിലേക്ക് മൂന്നുവർഷം മുൻപ് നൽകിയിരുന്നെങ്കിലും പ്രവർത്തന ക്ഷമമല്ല. നാർക്കോട്ടിക് സെല്ലിന്റെ പക്കൽ മാത്രമാണ് നിലവിൽ സംവിധാനങ്ങളുള്ളത്. ട്രാഫിക് പൊലീസിനോ, നിയമപരിപാലനം നടത്തുന്ന സാധാരണ സ്റ്റേഷനുകളിലോ സംവിധാനമില്ലാത്തതാണ് പ്രശ്നം. ഡ്രഗ്സ് ഉപയോഗം പരിശോധിക്കണമെങ്കിൽ രക്തപരിശോധന മാത്രമാണ് ഏക മാർഗം. അപകടം നടന്നാൽ മാത്രമേ ഡ്രൈവറെയും ജീവനക്കാരെയും പൊലീസ് രക്തപരിശോധനയ്ക്ക് വിധേയമാക്കാറുള്ളൂ. അപകടം നടന്നാൽ ജീവനക്കാർ പലപ്പോഴും ഒളിവിൽ പോയാൽ ദിവസങ്ങൾ കഴിഞ്ഞേ പൊലീസിന് മുൻപിൽ കീഴടങ്ങാറുള്ളൂ. ഈ സമയം പരിശോധിച്ചാൽ അപകടസമയത്ത് ഡ്രഗ്സ് ഉപയോഗിച്ചെന്ന് തെളിയിക്കാനുമാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL