SignIn
Kerala Kaumudi Online
Thursday, 05 November 2026 6.34 AM IST

ബഡ്ജറ്റ് മറന്നോ പാണഞ്ചേരി ഫയർ സ്റ്റേഷൻ

s

തൃശൂർ: ഇല്ല, പാണഞ്ചേരിയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ വരില്ല. ജില്ലയിലെ ഏറ്റവും വിസ്തൃതിയിലുള്ള പഞ്ചായത്തുകളിലൊന്നായ പാണഞ്ചേരിയിൽ ഫയർ സ്റ്റേഷൻ വേണമെന്നത് ദീർഘകാല ആവശ്യം. ഫയർ ഫോഴ്‌സ് മേധാവിയുടെ അനുകൂല ശുപാർശയും പഞ്ചായത്ത് ഭരണസമിതിയും ഉറപ്പും ഉണ്ടായിരുന്നിട്ടും ആഭ്യന്തര വകുപ്പ് നിർദ്ദേശം തള്ളി.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു ഫയർ സ്റ്റേഷൻ സ്ഥാപിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടായിരിക്കെ സ്റ്റേഷൻ പ്രവർത്തനത്തിനായി കെട്ടിടവും വാഹന പാർക്കിംഗ് സൗകര്യവും സൗജന്യമായി നൽകാമെന്ന ഭരണസമിതിയുടെ ഉറപ്പും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി സുധീർ കെ.ഒപ്പുവെച്ച കത്തിലൂടെ ആവശ്യം തള്ളിയത്.

പ്രകൃതിദുരന്ത സാദ്ധ്യതയേറിയ മലയോര മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി.

അതിപ്രധാനം പക്ഷെ...

കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, സ്വകാര്യ ബാങ്കുകളുടെ ആസ്ഥാനം, നിരവധി സ്കൂളുകൾ, കോളേജുകൾ, പീച്ചി ഡാം, ടൂറിസം മേഖലയും ഉൾപ്പെടുന്ന മേഖലയിലൂടെയാണ് ദേശീയപാത 544 കടന്നുപോകുന്നത്. കൂടാതെ മണ്ണിടിച്ചിൽ സാദ്ധ്യതയും അപകടമേഖലയുമായ കുതിരാനും എല്ലാം ഇവിടെയാണ്. ദുരന്തമേഖലയിലേക്ക് ആദ്യം ഓടിയെത്താറുള്ള ഫയർഫോഴ്സിന് പാണഞ്ചേരി -പട്ടിക്കാട് കേന്ദ്രീകരിച്ച് ഒരു കേന്ദ്രം വേണമെന്നത് ദീർഘകാല ആവശ്യമായിരുന്നു.

ഓടിയെത്താൻ എത്ര ദൂരം

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കഴിഞ്ഞാൽ പിന്നീട് പുതുക്കാട് മാത്രമാണ് ദേശീയപാതയിൽ ഫയർ സ്റ്റേഷനുള്ളത്. രണ്ട് ഫയർ സ്റ്റേഷനുകൾ തമ്മിൽ 45 - 50 കിലോമീറ്റർ അകലമുണ്ട്. വാണിയമ്പാറ, കുതിരാൻ തുരങ്കം, പട്ടിക്കാട്, പീച്ചി, മണ്ണുത്തി എന്നിവിടങ്ങളിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഓടിയെത്താൻ ഏറെ സമയം വേണം. പിന്നെ ഫയർ സ്റ്റേഷനുള്ളത് തൃശൂർ നഗരത്തിലാണ്. ഏകദേശം 15 കിലോമീറ്ററോളം നഗരത്തിരക്കിലൂടെ സഞ്ചരിച്ചാലേ ഇവിടെ നിന്നെത്താനാകൂ.

ധനപ്രതിസന്ധികാരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് ഫയർ സ്റ്റേഷൻ പദ്ധതി മാറ്റിയെന്നാണ് അറിഞ്ഞത്. കൂടാതെ ബഡ്ജറ്റ് വിഹിതം അനുവദിക്കേണ്ടതുണ്ടെന്നും പറയപ്പെടുന്നു. ഈ വർഷം തന്നെ പാണഞ്ചേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം കൈമാറും.

- ചാക്കോച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പാണഞ്ചേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL