ഇരിങ്ങാലക്കുട: റവന്യൂ സ്കൂൾ ശാസ്ത്രോത്സവത്തിൽ 306 പോയിന്റുമായി തൃശൂർ ഈസ്റ്റ് ഉപജില്ല മുന്നിൽ. 280 പോയിന്റ് നേടി തൃശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്തും 273 പോയിന്റുമായി കൊടുങ്ങല്ലൂർ മൂന്നാം സ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ 103 പോയിന്റുമായി മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. 94 പോയിന്റുമായി ചെന്ത്രാപ്പിന്നി ഹൈസ്കൂൾ രണ്ടാം സ്ഥാനത്തും 91 പോയിന്റുമായി ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്. സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിലെ മത്സരങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ന് നടക്കും. പതിനാറാമത് ജില്ലാ സ്കൂൾ ശാസ്ത്രമേളയും കേരള സ്കിൽ ഫെസ്റ്റിവലും തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷൈല പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ മുഖ്യാതിഥിയായി. അഞ്ച് സ്കൂളുകളിലായാണ് മേള. ഇന്ന് വൈകിട്ട് സമാപന സമ്മേളനത്തിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ, നഗരസഭ ചെയർമാൻ എം.പി.ജാക്സൺ തുടങ്ങിയവർ സംബന്ധിക്കും.
അന്ധർക്ക് ഇനി വഴിയറിയാം
ഇരിങ്ങാലക്കുട: കാഴ്ചയില്ലാത്തവർക്ക് ഇനി വഴിയിലെ തടസങ്ങളും വെള്ളക്കെട്ടുകളും തിരിച്ചറിയാം. അപകടങ്ങൾ ഒഴിവാക്കി സുരക്ഷിതമായി നടക്കാൻ സഹായിക്കുന്ന നൂതന സംവിധാനവുമായി പേരാമംഗലം ശ്രീദുർഗ വിലാസം സ്കൂളിലെ വിദ്യാർത്ഥി സി.എസ്. ജുവാൻ ക്രിസ്റ്റോ. പൊതുവിടങ്ങളിലും റോഡുകളിലും കാഴ്ചപരിമിതർ നേരിടുന്ന അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് 'ഹെവൻലി സൈറ്റ്' എന്ന ആശയം ഒരുക്കിയത്. അൾട്രാസോണിക് സെൻസറുകൾ ഉപയോഗിച്ച് മുന്നിലുള്ള തടസങ്ങൾ തിരിച്ചറിയുന്ന സംവിധാനമാണിത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കണ്ണടയിലും വാക്കിംഗ് സ്റ്റിക്കിലും സെൻസറുകൾ സ്ഥാപിക്കും. സ്റ്റിക്കിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സെൻസർ വെള്ളത്തിന്റെ സാന്നിധ്യവും തിരിച്ചറിയും. ഇതിലൂടെ വെള്ളക്കെട്ടുകളും വെള്ളത്തിൽ വീണുള്ള അപകടങ്ങളും ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. കണ്ണടയിൽ ഘടിപ്പിച്ച ക്യാമറകൾ വഴി ഈ വ്യക്തി എവിടെയാണെന്നും തിരിച്ചറിയാനാകും.
വൈദ്യുതിക്ക് ഇനി ക്ഷാമമില്ല!
ഇരിങ്ങാലക്കുട: വൈദ്യുതി ക്ഷാമത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ നിർദ്ദേശിച്ച് ജില്ലാ ശാസ്ത്രമേളയിൽ ശ്രദ്ധേയമായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികളുടെ സ്റ്റിൽ മോഡൽ.എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഈദൻ ജോയിയും ആദിദേവുമാണ് മാതൃകയുടെ ശിൽപ്പികൾ. ഹൈസ്കൂൾ വിഭാഗത്തിൽ അവതരിപ്പിച്ച ഹൈബ്രിഡ് ഗ്രീൻ എനർജി സ്മാർട്ട് ഡിസ്ട്രിക്റ്റ് എന്ന മാതൃക പുനരുപയോഗ ഊർജസ്രോതസുകളുടെ സാധ്യതകളും അവയുടെ കാര്യക്ഷമമായ വിതരണ സംവിധാനവുമാണ് പരിചയപ്പെടുത്തുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാർബൺ വികിരണം കുറച്ച് പരിസ്ഥിതി മലിനീകരണവും ഓസോൺ പാളിക്കുണ്ടാകുന്ന ആഘാതവും നിയന്ത്രിക്കുകയെന്ന ലക്ഷ്യവും മാതൃകയും മുന്നോട്ടുവയ്ക്കുന്നു.
സ്റ്റൗ മാത്രം കൂട്ടിന്; മൂന്ന് മണിക്കൂർ,
12 വിഭവങ്ങൾ; മിന്നിത്തിളങ്ങി മിന്ന!
ഇരിങ്ങാലക്കുട: പാചകത്തിന് ആധുനിക ഉപകരണങ്ങളില്ല, കൂട്ടിന് സ്റ്റൗ മാത്രം. സമയം മൂന്ന് മണിക്കൂർ. ഈ സമയത്തിനുള്ളിൽ 12 വിഭവങ്ങളൊരുക്കി താരമായി തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിലെ മിന്ന മനോജ്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ 12 വിഭവങ്ങൾ തയ്യാറാക്കുകയായിരുന്നു മത്സരം. നാടൻ രുചികളും വിദേശ വിഭവങ്ങളും ഒരേ അടുക്കളയിൽ സമന്വയിപ്പിച്ചായിരുന്നു പ്രകടനം. മത്തങ്ങ, തക്കാളി സോസ്, ഗ്രീൻ ആപ്പിൾ, പേരയ്ക്ക എന്നിവ ചേർത്ത ഗ്രീൻ അച്ചാർ, പാഷൻ ഫ്രൂട്ട് ഹൽവ, മുന്തിരിയും മൾബറിയും ചേർത്ത സ്ക്വാഷ്, നെല്ലിക്ക വരട്ടിയത് എന്നിവ പഴം പച്ചക്കറി വിഭാഗത്തിലെ വിഭവങ്ങളായി. ദഹി ബൈഗൻ, വാൾപ്പൂനെറ്റ് ബജി, മുളപ്പിച്ച ചെറുപയറും ഉണ്ണിപ്പിണ്ടിയും ചേർത്ത കറി, അഞ്ചിലത്തോരൻ, അരിയും റാഗിയും ചേർത്ത അട, കപ്പ മിഠായി എന്നിവയും രുചിവൈവിദ്ധ്യമായി.
കൂട്ടുകാരന്റെ മരണം പാഠമായി;
പിറന്നത് വാട്ടർ ഗാർഡ്
ഇരിങ്ങാലക്കുട: സഹപാഠിയുടെ മുങ്ങിമരണം നൽകിയ വേദനയിൽനിന്ന് പിറന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള നൂതന ആശയം. ജലാശയങ്ങളിൽ വീഴുന്നവരെ സമയബന്ധിതമായി രക്ഷപ്പെടുത്താൻ സന്ദേശങ്ങളും ദൃശ്യങ്ങളും കൈമാറുന്ന സാങ്കേതിക സംവിധാനവുമായി ഒമ്പതാം ക്ലാസുകാർ. ഗുരുവായൂർ തൊഴിയൂർ ആർ.ഇ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.ആർ. റംസാനും മുഹമ്മദ് ഹാഷിറുമാണ് 'വാട്ടർ ഗാർഡ് ഡിറ്റക്ട് അലർട്ട് സേവ്സ് ലൈഫ്സ്' എന്ന പ്രോജക്ടിന് പിന്നിൽ.
രണ്ട് മാസം മുമ്പാണ് സ്കൂളിനു സമീപത്തെ കുളത്തിൽ വീണ് സഹപാഠിയായ ഫർഹാൻ സുലൈമാന് ജീവൻ നഷ്ടമായത്. ഇനിയൊരാൾക്കും ഇത്തരമൊരു ദുരന്തം സംഭവിക്കരുതെന്ന ചിന്തയാണ് വിദ്യാർത്ഥികളെ പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. അദ്ധ്യാപകരുമായി ആശയം പങ്കുവച്ചതോടെ പ്രോജക്ടിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അദ്ധ്യാപകരുടെയും എ.ഐ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ഏകദേശം 7,000 രൂപ ചെലവഴിച്ചാണ് മാതൃക തയ്യാറാക്കിയത്. നിലവിൽ മാതൃക മാത്രമാണ് തയ്യാറാക്കിയത്. പൂർണരൂപത്തിൽ സംവിധാനം ഒരുക്കാൻ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും. ഇതിനായി സ്പോൺസറെ കണ്ടെത്തി പദ്ധതി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് ഇവരുടെ ആഗ്രഹം.
ചിത്രങ്ങളും ദൃശ്യങ്ങളും
ഒരാൾ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ വീണാൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനം വഴി അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾക്ക് സന്ദേശമെത്തും. വെള്ളത്തിൽ വീണയാൾ എത്ര അടി താഴ്ചയിലാണ്, എത്ര സമയമായി വെള്ളത്തിനടിയിലാണ് തുടങ്ങിയ വിവരങ്ങളും അറിയാനാകും. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി ചിത്രങ്ങളും ദൃശ്യങ്ങളും ലഭിക്കും. ഇതിലൂടെ രക്ഷാപ്രവർത്തകർക്ക് വേഗം കൂട്ടാം.
കഥയുള്ള കളിമണ്ണ്...
ഇരിങ്ങാലക്കുട: തിമിർത്തുപെയ്ത മഴയിലും മങ്ങാതെ നിന്നത് കളിമണ്ണിൽ കുട്ടിക്കൂട്ടം തീർത്ത ജീവിതഗന്ധിയായ ശിൽപ്പങ്ങൾ. വിഷയത്തിന്റെ മർമ്മമറിഞ്ഞ് തലമുടിയിഴകൾക്കുപോലും സൂക്ഷ്മമായ വ്യത്യാസം തോന്നാത്തവിധം കൗമാരക്കരവിരുതിൽ വിരിഞ്ഞ കളിമൺ ശിൽപ്പങ്ങൾ കാഴ്ചക്കാരുടെ മനം കവർന്നു. ഹൈസ്കൂൾ വിഭാഗത്തിന് 'അധ്വാനം' എന്നതും ഹയർ സെക്കൻഡറി വിഭാഗത്തിന് 'കടൽത്തീരത്തെ അമ്മയും കുഞ്ഞും' എന്നതുമായിരുന്നു വിഷയം. ഒരേ വിഷയത്തെ പല ഭാവങ്ങളിലും തലങ്ങളിലുമാണ് കുട്ടികൾ കളിമണ്ണിൽ ആവിഷ്കരിച്ചത്. കൗമാരക്കാരുടെ സൂക്ഷ്മമായ ആവിഷ്കാരമികവ് വിധികർത്താക്കൾക്കുപോലും വിസ്മയമായി. കടലിന്റെ കഥകൾ പെൺകുഞ്ഞിന് പറഞ്ഞുകൊടുക്കുന്ന അമ്മ, കുഞ്ഞിനെ മാറോടുചേർത്തണച്ച് കടൽത്തീരത്തിരിക്കുന്ന അമ്മ, കടൽത്തീരത്ത് ഓടിക്കളിക്കുന്ന കുഞ്ഞിനൊപ്പം നിൽക്കുന്ന അമ്മ... അങ്ങനെ നീളുന്നു ശിൽപ്പങ്ങളുടെ വൈവിധ്യം. അധ്വാനത്തിന്റെ വില വിളിച്ചോതുന്ന തരത്തിൽ വിവിധ തൊഴിലുകളും കളിമണ്ണിൽ മനോഹരമായി കൊത്തിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |