സുൽത്താൻബത്തേരി: പുനരധിവാസം സംബന്ധിച്ച ഉറപ്പ് ലഭിക്കാതെ ക്യാമ്പുകളിൽ നിന്ന് മടങ്ങില്ലെന്ന
വെള്ളച്ചാൽ ഉന്നതിക്കാരുടെ വാശിക്കുമുമ്പിൽ അധികൃതർ മുട്ടുമടക്കി. സ്ഥലം കണ്ടെത്തി വീടുവെച്ചു നൽകാമെന്ന് അധികൃതരുടെ ഉറപ്പിൻമേൽ ഉന്നതിനിവാസികൾ വീടുകളിലേയ്ക്ക് മടങ്ങി.
ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് കല്ലിൻകര സ്കൂളിലെ ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തുടർച്ചയായി എല്ലാവർഷവും ഉന്നതിയിൽ വെള്ളം കയറുമ്പോൾ ക്യാമ്പിലേയ്ക്ക് മാറ്റുകയും സ്ഥലം കണ്ടെത്തി വീട് വച്ച് നൽകാമെന്ന് അധികൃതർ ഉറപ്പുനൽകുകയുമായിരുന്നു പതിവ്. ഈ പ്രാവിശ്യം അധികൃതരുടെ വാക്ക് പാഴ് വാക്ക് ആക്കാൻ ഉന്നതിക്കാർ സമ്മതിച്ചില്ല. ഭൂമി കണ്ടെത്തി കാണിച്ച് നൽകുകയും ഇഷ്ടപെടുകയും ചെയ്‌തതോടെയാണ് ക്യാമ്പിൽ നിന്ന് കുടുംബങ്ങൾ ഇറങ്ങാൻ തയ്യാറായത്.
മഴക്കാലത്ത് സമീപത്തെ തോട് കരകവിഞ്ഞാണ് വെള്ളം കയറിയപ്പോഴും ഉന്നതിവിട്ട് വരാൻ ഇവർതയ്യാറായില്ല. അധികൃതരുടെ വീടെന്ന വാഗ്ദാനം പാലിക്കണമെന്നായിരുന്നു ആവശ്യം.
പഞ്ചായത്ത് ട്രൈബൽ റവന്യു പൊലീസ് വകുപ്പ് അധികൃതർ ഏറെ പണിപ്പെട്ടാണ് കുടുംബങ്ങളെ കല്ലിങ്കര സ്‌കൂളിലേക്ക് മാറ്റിയത്. വെള്ളമിറങ്ങിയപ്പോൾ ഉന്നതിയിലേയ്ക്ക് തിരിച്ചുപോകാൻ ഇവർ തയ്യാറായില്ല.
ഇതോടെയാണ് വെള്ളച്ചാൽ ഭാഗത്ത് തന്നെ ഇവരെ പുനരധിവാസിപ്പിക്കാൻ രണ്ട് സ്ഥലങ്ങൾ അധികൃതർ കണ്ടെത്തിയത്. ഈ സ്ഥലങ്ങൾ കുടുംബങ്ങൾക്ക് ഇഷ്ടപെടുകയും ചെയ്‌തതോടെയാണ് തിരികെ വീടുകളിലേക്ക് പോകാൻ തയ്യാറായത്. സ്ഥലത്തിന്റെ രേഖകകൾ പഞ്ചായത്ത് അധികൃകതർ റവന്യുവകുപ്പിന് കൈമാറിയിട്ടുണ്ട്. സ്ഥലം ഓരോ കുടുംബത്തിന്റെയും പേരിൽ രജിസ്റ്റർ ചെയ്ത് ട്രൈബൽ വകുപ്പ് വീടുകൾ നിർമ്മിച്ചുനൽകുന്ന തരത്തിലുമാണ് തീരുമാനം. 13 കുടംബങ്ങളിലെ 48 പേരാണ് ഉന്നതിയിൽ താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |