സുൽത്താൻബത്തേരി: ബത്തേരി ടൗണിലും പരിസരങ്ങളിലും വാനരശല്യം രൂക്ഷം. സ്ഥാപനങ്ങളിലും വീടുകളിലും കയറി വസ്ത്രങ്ങളും സാധനങ്ങളും എടുത്തുകൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്യുന്നതും പതിവാകുകയാണ്. കൂട്ടമായെത്തുന്ന വാനരപ്പടയാണ് ശല്ല്യക്കാർ. കച്ചവടസ്ഥാപനങ്ങളിലടക്കം കയറുന്ന വാനരൻമാർ പച്ചക്കറികളും മറ്റ് സാധനസാമഗ്രികൾ എടുത്ത് തിന്നുകയും വാരിവലിച്ചിട്ട് നശിപ്പിന്നതും പതിവാണ്. ഇതുകാരണം വാനരപ്പടയെ ഓടിക്കാൻതന്നെ ഒരാളെ കൂലിക്ക് നിറുത്തേണ്ട അവസ്ഥയാണ് കച്ചവടക്കാർക്ക്. കടകൾക്ക് പുറമെ ആശുപത്രികൾ, ലോഡ്ജുകൾ, വീടുകൾ എന്നിവിടങ്ങളിലും വാനരൻമാർ വലിയ ദുരിതമാണ് വരുത്തുന്നത്. വീടുകളിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതും വസ്തുവകകളും നശിപ്പിക്കുന്നതും പതിവാണ്. വീടുപൂട്ടി പുറത്തിറങ്ങാൻപോലും ആളുകൾക്ക് സാധിക്കുന്നില്ല. വാർപ്പ് വീടുകളിൽ എയർഹോളുകൾവഴിയും, ഓടിട്ടവീടുകളിൽ മേൽക്കൂരവഴിയും വീടുകൾക്കകത്ത് കയറിയാണ് നാശം വരുത്തുന്നത്. പുറത്തുപോയിവരുമ്പോഴേക്കും അകത്തുള്ള സകലസാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ചും കാഷ്ഠിച്ച് വൃത്തികേടാക്കുകയും ചെയ്യുന്നു. വീടുകളിലെത്തുന്ന വാനരൻമാരെ സ്ത്രീകൾ ഓടിച്ചാൽ പോകറില്ല. ഇവ സ്ത്രീകൾക്കുനേരെ ചീറിഅടുക്കുന്നതും ഭീഷണിയാവുകയുമാണ്.
ടൗണിൽ നിറുത്തിയിടുന്ന വാഹനങ്ങളുടെ സീറ്റുകൾ കീറി നശിപ്പിക്കുന്നതും പതിവാണ്. തദ്ദേശസ്ഥാപനങ്ങളും ജില്ലാഭരണകൂടവും വനംവകുപ്പും ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |