SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 AM IST

കമുകിന് കീടബാധ ;  അടക്കപൊഴിച്ചിൽ വ്യാപകം കർഷകർ ആശങ്കയിൽ

thottam
രോഗം ബാധിച്ച കമുകിൻ തോട്ടം

സുൽത്താൻ ബത്തേരി: കമുകിന് പടർന്ന് പിടിച്ചിരിക്കുന്ന മഹാളി രോഗത്തോടൊപ്പം അടക്ക പൊഴിച്ചിലുംകൂടി വ്യാപകമായതോടെ കർഷകർ ആശങ്കയിലായിരിക്കുകയാണ്. മഹാളി രോഗത്തിനെതിരെ പ്രതിരോധമരുന്ന് തളിച്ച തോട്ടങ്ങളിൽപ്പോലും അടക്കകൾ മൂപ്പെത്തും മുമ്പേ കൊഴിഞ്ഞുവീഴുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അടക്കകൾ പാകമാകാതെ പഴുത്ത് കൊഴിഞ്ഞുവീഴുന്ന സാഹചര്യം പല തോട്ടങ്ങളിലും രൂക്ഷമാണ്. മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തവണത്തെ അടക്ക പൊഴിച്ചിലിന് കാരണമെന്നാണ് പറയപ്പെടുന്നത്. കീടനാശിനികളുടെ വിലയിലുണ്ടായ വൻ വർദ്ധനയും കർഷകരെ ഇപ്പോൾ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തൊഴിലാളികളുടെ ലഭ്യതക്കുറവ് മൂലം രോഗബാധ ആരംഭിച്ച സമയത്ത് തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

വയനാട്ടിൽ വ്യാപകമായി കൃഷിചെയ്യുന്ന കമുക് നശിക്കാതിരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം. പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള മരുന്നുതളിക്കലിനും വളപ്രയോഗത്തിനും കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്ഥിരം സംവിധാനം ഒരുക്കണം. കമുകുകളെ കീടബാധ പിടികൂടിയതോടെ തോട്ടങ്ങളിൽനിന്ന് അടക്ക വാങ്ങുന്നതിനായി മൊത്തക്കച്ചവടക്കാർ പോലും എത്തുന്നില്ല. അടക്കയുടെ ഗുണനിലവാരം കുറയുന്നതും വ്യാപകമായ കൊഴിഞ്ഞുവീഴ്ചയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മരുന്ന് തളിയ്ക്കാൻ ഡ്രോൺ

സംവിധാനം വേണം

അടക്ക പൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് കമുകിന്റെ മുകളിൽ മരുന്ന് തളിച്ചങ്കിൽ മാത്രമെ ഫലപ്രദമാകു. ഇതിന് ഡ്രോൺ സംവിധാനം വേണം. കൃത്യസമയത്ത് മരുന്ന് പ്രയോഗിക്കാൻ ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിലവിൽ പഞ്ചായത്തിലെവിടെയും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഡ്രോൺ സംവിധാനം ലഭ്യമില്ല. പഞ്ചായത്തും കൃഷിവകുപ്പും മുൻകൈയെടുത്ത് ഡ്രോൺ സംവിധാനത്തിലൂടെ മരുന്നുതളിക്കുന്നതിന് സൗകര്യമൊരുക്കിയില്ലെങ്കിൽ കമുക് കൃഷി തന്നെ പ്രതിസന്ധിയിലാകും. വലിയ തോട്ടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത് പ്രയാസകരവും ചെലവേറിയതുമാണ്. ഈ സാഹചര്യത്തിൽ ആധുനിക സങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ഡ്രോൺ സംവിധാനങ്ങൾ കൃഷിഭവൻതലത്തിൽ ലഭ്യമാക്കി കുറഞ്ഞ ചെലവിൽ കർഷകർക്ക് മരുന്നുതളിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL