വന്യമൃഗങ്ങൾ വാഹനത്തിന് കുറുകെ ചാടി അപകടം പതിവ്
പുൽപ്പള്ളി: ബത്തേരി- പുൽപ്പള്ളി റൂട്ടിലെ പാമ്പ്ര വനമേഖലയിൽ റോഡിലേക്ക് പടർന്നുപന്തലിച്ചു നിൽക്കുന്ന കാടുകൾ വെട്ടിമാറ്റാൻ വനംവകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാകണമെന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം. ഈ പാതയിൽ ഇരുട്ടുവീഴുന്നതോടെ വന്യമൃഗങ്ങളുടെ ഭീഷണി കാരണം യാത്രക്കാരുടെ ജീവൻ കയ്യിൽപിടിച്ചാണ് യാത്ര. മാനുകളും കാട്ടുപന്നികളും റോഡിനു കുറുകേ ചാടി ഇരുചക്രവാഹന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. എന്നാൽ, കാടുകളിൽ വെളിച്ചക്കുറവും കാഴ്ചമറവും കാരണം വന്യമൃഗങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അപകടം സംഭവിച്ചാലും വനംവകുപ്പ് കേസിൽപ്പെടുത്തുമെന്ന ഭയത്താൽ ഭൂരിഭാഗം പേരും വിവരങ്ങൾ പുറത്തു പറയാറുമില്ല.
ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേയ്ക്ക് പുലർച്ചെ പത്രങ്ങളുമായി വരുന്ന വാഹനങ്ങളാണ് ഏറെ ഭീഷണി നേരിടുന്നത്. വലിയ ബസുകളും മറ്റ് വാഹനങ്ങളും വേഗത്തിൽ കടന്നുപോകുമെങ്കിലും ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാരാണ് ഇവിടെ പൂർണ്ണമായും വെട്ടിലായിരിക്കുന്നത്. സാധാരണയായി വനപാതകളിൽ 20 മീറ്ററോളം വീതിയിൽ വിസ്ത വെട്ടാറുണ്ടെങ്കിലും പാമ്പ്ര ഭാഗത്ത് ഇത്തരം യാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സ്ഥിരം താവളമാണ് ഈ മേഖല. കാടുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ പാതയോരത്ത് മൃഗങ്ങൾ നിന്നാലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
പാതിയുടെ ഇരു ഭാഗത്തുള്ള കാർഡുകൾ ഉടനടി വെട്ടി മാറ്റണമെന്ന് രാത്രി ഇതുവഴി സ്ഥിരം യാത്ര ചെയ്യുന്ന പ്രവർത്തകരും ഇതര തൊഴിലാളികളും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |