മാനന്തവാടി: ക്ഷീരമേഖലയെ സംരക്ഷിക്കാൻ വിപുലമായ പദ്ധതികൾ സർക്കാർ ആരംഭിക്കണമെന്ന്
മാനന്തവാടി ക്ഷീരസംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. അനിയന്ത്രിതമായ കാലിത്തീറ്റ വിലവർദ്ധനവും തീറ്റ വസ്തുക്കളുടെ ലഭ്യത കുറവും കന്നുകാലികളിലെ രോഗവ്യാപനവും നിമിത്തം ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ വായ്പയെടുത്തു ക്ഷീര മേഖലയിൽ തൊഴിലെടുക്കുന്ന കർഷകർ ഒന്നാകെ ഈ കാരണങ്ങളാൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതേ തുടർന്ന് വയനാട് ജില്ലയിൽ ഉൾപ്പെടെ പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഉൽപാദന ചെലവിന് അനുപാതികമായി വില ലഭിക്കാത്തതിനാൽ കർഷകർ ഈ രംഗം വിട്ടൊഴിക്കുകയാണ്. പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും കാലിതീറ്റ ഉൾപ്പെടെ കർഷകർക്ക്സബ്സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് സണ്ണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ് ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നടത്തി.മിൽമ സൂപ്പർവൈസർ ദിലീപ് ദാസപ്പൻ, സംഘം ഡയറക്ടർമാരായ ഗിരിജ മഠത്തിൽ,വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിൽ വച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ക്ഷീര കർഷകരെ ആദരിച്ചു. സംഘം സെക്രട്ടറി എം എസ് മഞ്ജുഷ റിപ്പോർട്ട് അവതരിപ്പിച്ചു. പിടി ബിജു സ്വാഗതവും ഷിബു തോമസ് തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |