മാനന്തവാടി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വള്ളിയൂർക്കാവ് ബൈപാസ് റോഡിന്റെ ദുരിത സ്ഥിതിക്ക് മാറ്റമില്ല. ബഡ്ജറ്റിൽ റോഡിന് ഫണ്ട് വകയിരുത്തിയെങ്കിലും നവീകരണ പ്രവർത്തികൾ മാത്രം നടന്നില്ല. മുൻ മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ബഡ്ജറ്റിൽ രണ്ടരക്കോടി രൂപയും നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റിൽ നാലര കോടി രൂപയും റോഡിനായി അനുവദിച്ചിരുന്നു. കഴിഞ്ഞ സർക്കാർ ഭരണം മാറിയതോടെ എസ്റ്റിമേറ്റ് എടുക്കാൻപോലും നഗരസഭ തയ്യാറായിട്ടില്ല. മുമ്പ് രണ്ടുതവണ നാട്ടുകാർ ചേർന്ന് കുഴികളടച്ചതല്ലാതെ റോഡിൽ മറ്റൊരു പ്രവൃത്തിയും നടന്നിട്ടുമില്ല. എരുമത്തെരുവ് മത്സ്യ മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ചെറ്റപാലം വഴി വള്ളിയൂർക്കാവ് ക്ഷേത്രംവരെയുള്ള റോഡാണിത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ചെറ്റപ്പാലംമുതൽ വള്ളിയൂർക്കാവുവരെയുള്ള ഭാഗമാണ് കുഴിനിറഞ്ഞത്. മഴ പെയ്താൽ കുഴികളിൽ വെള്ളംനിറഞ്ഞ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ടിവിടെ.
വേനലിൽ പൊട്ടിപൊളിഞ്ഞ റോഡിൽ നിന്നുള്ള പൊടിശല്യം യത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. രാത്രികാലങ്ങളിൽ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. ചെറ്റപ്പാലം, വരടിമൂല പ്രദേശവാസികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. രാവിലെ മദ്രസയിലേക്കും സ്‌കൂളിലേക്കും കാൽനടയായി പോകുന്ന കുട്ടികളടക്കം പ്രതിസന്ധിയിലാണ്. അടിയന്തരമായി കുഴികളടച്ച് റോഡ്
ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |