SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

പുലിഭീതിയിൽ കബനി തീരപ്രദേശങ്ങൾ  അതിർത്തി ഗ്രാമങ്ങളിൽ ഉറക്കമില്ലാ രാത്രികൾ 

പുൽപ്പള്ളി: കർണാടക അതിർത്തിയോട് ചേർന്നുനിൽക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ്, കബനിഗിരി, കൃഗനൂർ മേഖലകളിൽ പുലിഭീതി രൂക്ഷം. ഒരാഴ്ചയായി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന പുലി, കർഷകരുടെ വളർത്തുമൃഗങ്ങളെ തുടർച്ചയായി കൊന്നൊടുക്കുകയാണ്. നായ, ആട് തുടങ്ങിയവയാണ് പ്രധാനമായും ആക്രമണത്തിന് ഇരയാകുന്നത്. ഞായറാഴ്ച വനപാലകരുടെ നേതൃത്വത്തിൽ കബനിഗിരി, കൃഗനൂർ പ്രദേശങ്ങളിലെ കാടുകയറിയ തോട്ടങ്ങൾ നാട്ടുകാരുടെ സഹാത്തോടെ വളഞ്ഞ് പുലിയെ കണ്ടെത്താൻ വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. രൂക്ഷമായ വരൾച്ചയിൽ കൃഷിനാശം സംഭവിച്ച കർഷകർ ഉപജീവനമാർഗ്ഗം എന്ന നിലയിലാണ് പശു, ആട് വളർത്തലിലേക്ക് തിരിഞ്ഞത്. എന്നാൽ ഇവരെ വലിയ ആശങ്കയിലാഴ്ത്തിയാണ് വന്യമൃഗത്തിന്റെ തുടർച്ചയായ വേട്ട. ഉപജീവനമാർഗ്ഗമായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കർഷകരുടെ വളർത്ത്

മൃഗങ്ങൾ ഇരകളാകുന്നു

പകൽ സമയത്ത് തീറ്റയ്ക്കായി പുരയിടത്തിൽ കെട്ടിയിട്ട താഴയൂർ കാർത്ത്യായിനിയുടെ പൂർണ്ണഗർഭിണിയായ ആടിനെ കഴിഞ്ഞ ദിവസം പുലി കൊന്നു. ശനിയാഴ്ച ദിവസം കരിട്ടിയിൽ മനോജിന്റെ നാല് വയസ്സുള്ള ആടിനെ കൂട്ടിൽ നിന്ന് പിടികൂടി കാട്ടിൽ കൊണ്ടുപോയി ഭക്ഷിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ ഇവരുടെ നായയെയും പുലി ആക്രമിച്ച് അവശനാക്കി. സന്ധ്യയാവുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാരായ പ്രദേശവാസികൾ.


ഒന്നിലധികം പുലികളോ ?​

ആൾത്താമസമില്ലാത്ത തോട്ടങ്ങൾ കാടുകയറിക്കിടക്കുന്നതാണ് വന്യമൃഗങ്ങൾക്ക് ഒളിത്താവളമാകുന്നത്. പഞ്ചായത്തിന്റെ കർശന നിർദ്ദേശമുണ്ടായിട്ടും കാടുകയറിയ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ആലത്തൂർ പള്ളി താഴെ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്ന നിലയിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഒരു പുലിയെ നാട്ടുകാർ കണ്ടിരുന്നു. എന്നാൽ കബനിഗിരി, കൃഗനൂർ മേഖലകളിൽ വളർത്തുമൃഗങ്ങളെ പിടിച്ച പുലിക്ക് പരിക്കേറ്റതായി വനംവകുപ്പ് അധികൃതർ സംശയിക്കുന്നുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധികം പുലികളുണ്ടോ എന്ന ഭീതിയും ശക്തമാണ്.

രാത്രികളിൽ ഉറക്കമൊഴിഞ്ഞു കാവൽനിൽക്കേണ്ട ഗതികേടിലാണ് ഈ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ. മയക്കുവെടിവെച്ചോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ പുലിയെ അടിയന്തരമായി പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL