SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

ദേവികയില്ലാത്ത തെക്കുംതറയിലെ വീട് ഇപ്പോൾ ശൂന്യം

തെക്കുംതറ: ദേവികയില്ലാത്ത തെക്കുംതറയിലെ വീട് ഇപ്പോൾ ശൂന്യമാണ്. 21 വർഷത്തിനിടെ അവൾ നേടിയ നേട്ടങ്ങൾ വീടുനിറയെ കാണാം. പഠനത്തിലും നൃത്തത്തിലുമായി ലഭിച്ച സമ്മാനങ്ങളും പുഞ്ചിരിക്കുന്ന ചിത്രങ്ങളും ഇവിടെ ബാക്കി. വിദേശത്ത് ജോലി നേടി, തന്നെ വളർത്താൻ കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് താങ്ങാകണം എന്നായിരുന്നു അവളുടെ സ്വപ്നം. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ കെ. സരിതയും അച്ഛൻ പി.കെ. സന്തോഷും അനുജൻ ദേവനന്ദും ആ വീട്ടിലുണ്ട്. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായിരുന്നു ദേവിക. ആ പ്രതീക്ഷയാണ് മനഃപൂർവം വരുത്തിയ അപകടത്തിൽ ഇല്ലാതായത്. അവൾ എപ്പോഴും പറയും ഇനി അമ്മയും അച്ഛനും അധികം കഷ്ടപ്പെട്ട് വേണ്ടി വരില്ല. തനിക്ക് നല്ലൊരു ജോലി കിട്ടുമല്ലോ. അപ്പുവിനെ ( അനുജൻ ദേവനന്ദ് ) നെ ഞാൻ പഠിപ്പിച്ചു കൊള്ളമെന്ന്. നെടുമ്പാശ്ശേരിയിൽ ഉണ്ടായ അപകടത്തിലാണ് ദേവിക മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട്‌ റോഡിൽ അത്താണിയിലാണ് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്‌കൂട്ടറിൽ ഇടിച്ച്‌ദേവിക ഉൾപ്പെടെ മൂന്നുപേർ മരിച്ചത്.

ആലപ്പുഴ സ്വദേശിയായ 19കാരൻ സുഹൈൽ സജീവാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചിരുന്നത്.

മൂന്നുപേരുടെ ജീവനെടുത്ത അപകടത്തിന്‌ശേഷവും 'എല്ലാം ഉപ്പനോക്കിക്കോളും' എന്നായിരുന്നു സുഹൈലിന്റെ പ്രതികരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈ വാക്കുകളാണ്‌ദേവികയുടെ കുടുംബത്തിന് കൂടുതൽ നടുക്കമുണ്ടാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ദേവിക എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌നേടിയാണ് വിജയിച്ചത്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എറണാകുളം കെ.എം.എംകോളേജിലാണ് ബി.ബി.എ വിത്ത് ഏവിയേഷൻകോഴ്സ് പൂർത്തിയാക്കിയത്.

'കുക്കൂ കണ്ണുതുറക്കെടീ " എന്ന

വിളി നൊമ്പര കാഴ്ച്ചയായി

ഞായറാഴ്ച രാത്രി 9.30നാണ് ദേവികയുടെ മൃതദേഹം തെക്കുംതറയിലെ തറവാട് വീട്ടിലേക്ക് എത്തിച്ചത്. ദേവികയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ 'കുക്കൂ കണ്ണുതുറക്കെടീ' എന്നുള്ള ബന്ധുക്കളുടെ കരച്ചിൽ കണ്ടുനിൽക്കാനാവാത്ത കാഴ്ചയായി. രാത്രി 10:30 ഓടെ മൃതദേഹം സംസ്‌കരിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ആളുകളാണ് നാടിന്റെ പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. ദേവികയുടെ സഹപാഠികളും എത്തിയിരുന്നു.

'ഒരു മാസം മുമ്പാണ്‌ ദേവിക എറണാകുളത്തേക്ക്‌ പോയത്. പഠനത്തിന് ഫീസ് അടയ്ക്കാൻ താൽക്കാലികമായി ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറിയതായിരുന്നു. വലിയ സ്വപ്നങ്ങളായിരുന്നു മകൾക്ക്. ആ സ്വപ്നങ്ങൾ നിറവേറാൻ ആകുന്നതെല്ലാം ചെയ്തുകൊടുത്തിരുന്നുവെന്നും, ഇങ്ങനെയൊന്ന് ദുസ്വപ്നത്തിൽപോലും കണ്ടിരുന്നില്ല "

അച്ഛൻ സന്തോഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL