SignIn
Kerala Kaumudi Online
Thursday, 17 September 2026 4.41 PM IST

ഐ. ടി സിസ്റ്റം മെച്ചപ്പെടുത്തുന്നതിൽ പരാജയം: കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ വിലക്കി റിസർവ് ബാങ്ക്

it

കൊച്ചി: ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അക്കൗണ്ടുകൾ തുറക്കുന്നതിനും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന് റിസർവ് ബാങ്ക് നിരോധനം ഏർപ്പെടുത്തി. രണ്ട് വർഷമായി റിസർവ് ബാങ്കിന്റെ ഐ. ടി വിഭാഗം കോട്ടക് മഹീന്ദ്ര ബാങ്കിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിൽ ‌സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയിരുന്നു. പല തവണ ചൂണ്ടിക്കാണിച്ചിട്ടും ഇത്തരം പിഴവുകൾ ഒഴിവാക്കാനും സമ്പൂർണമായി പരിഹരിക്കാനും ബാങ്ക് വീഴ്ച വരുത്തിയെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. ഐ. ടി മേഖലയിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും മാറ്റങ്ങൾ യഥാസമയം അറിയിക്കുന്നതിലും യൂസർ അക്‌സസ് നിയന്ത്രിക്കുന്നതിലും ഡാറ്റ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും കടുത്ത അനാസ്ഥയാണുണ്ടായതെന്നും കണ്ടെത്തിയിരുന്നു.

2022, 2023 വർഷങ്ങളിൽ കോട്ടക് മഹീന്ദ്ര ബാങ്ക് സമർപ്പിച്ച കപ്ളയൻസ് രേഖകളിൽ അപൂർണവും വസ്തുതാ വിരുദ്ധവുമായ വിവരങ്ങൾ ഉള്ളതിനാൽ തിരുത്തൽ റിപ്പോർട്ട് നൽകാനുള്ള റിസർവ് ബാങ്ക് നിർദേശം അവഗണിക്കുകയും ചെയ്തു.

നിലവിലുള്ള അക്കൗണ്ടുകൾക്ക് ബാധകമല്ല

ഓൺലൈനായി പുതിയ അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ലെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിന് കോട്ടക് ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. ഇഷ്യു ചെയ്ത ക്രെഡിറ്റ് കാർഡുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്നതിനും വിലക്കില്ല. ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകളും മറ്റ് സേവനങ്ങളും അസാധാരണമായി കൂടിയതോടെ ഉപഭോക്താക്കൾക്ക് തുടർച്ചയായി അസൗകര്യങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.

പ്രകോപനം ഏപ്രിൽ 15ലെ സിസ്റ്റം തകരാർ

സിസ്റ്റത്തിന്റെ ശേഷിയിലും കൂടുതൽ സമ്മർദ്ദമേറിയതോടെ ഏപ്രിൽ 15ന് നിരവധി ഉപഭോക്താക്കൾക്ക് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല. നെറ്റ് ബാങ്കിംഗ്, യു. പി. ഐ, ഡെബിറ്റ് കാർഡ് ഇടപാടുകൾ എന്നിവ മുടങ്ങിയതോടെ നിരവധി ഉപഭോക്താക്കൾ സാമൂഹിക മാദ്ധ്യമങ്ങളിൽ കനത്ത വിമർശനമാണ് ഉന്നയിച്ചത്. ഇവരിൽ പലരും റിസർവ് ബാങ്കിനും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360