
ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതുതായി 51 ലക്ഷത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
2014-ൽ നിശ്ചയിച്ച വേതനപരിധിയാണ് 12 വർഷത്തിന് ശേഷം പരിഷ്‌കരിക്കുന്നത്. വിശ്വകർമ്മ ദിനമായ ഇന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ഇവർക്ക് ഇനി പി.എഫ് അക്കൗണ്ടിനൊപ്പം പ്രൊവിണ്ടന്റ് ഫണ്ട് പെൻഷൻ പദ്ധതിയുടെയും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പദ്ധതിയുടെയും ആനുകൂല്യങ്ങൾ ലഭിക്കും.
നിലവിൽ ജീവനക്കാരനും തൊഴിലുടമയും വേതനത്തിന്റെ 12 ശതമാനം വീതമാണ് പി.എഫിലേക്ക് നൽകുന്നത്. 15,000 വേതനപരിധിയിൽ പരമാവധി മാസവിഹിതം 1,800 വീതമായിരുന്നു. പുതിയ പരിധി 25,000 രൂപയാകുമ്പോൾ വിഹിതം 3,000 വീതമാകും.
അതേസമയം, 25,000 രൂപയ്‌ക്ക് മുകളിൽ വേതനം വാങ്ങുന്ന ജീവനക്കാർക്ക് പി.എഫ് വിഹിതം നിർബന്ധമാകില്ല.
വേതനപരിധി ഉയർത്തിയതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം 11,339 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കുള്ള അധിക ചെലവ് 56,696 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. 2014 സെപ്തംബറിൽ 6,500ൽ നിന്നാണ് 15,000 ആയി വേതനപരിധി ഉയർത്തിയത്.
നിലവിൽ ആനുകൂല്യം
ലഭിക്കുന്നവർ
7.68 ലക്ഷം സ്ഥാപനങ്ങളിലായി
7.98 കോടി ജീവനക്കാർ
82 ലക്ഷംപേർക്ക് പെൻഷൻ
സ്വകാര്യ പ്രമേയം ഫലം കണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
ഇ.പി.എഫ് പെൻഷൻകാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ കൊണ്ടുവന്ന സ്വകാര്യ പ്രമേയത്തെത്തുടർന്ന് നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയാണ് സർക്കാർ പരിഗണിച്ചത്. മിനിമം പെൻഷൻ വർദ്ധന ഉൾപ്പെടെയുള്ള മറ്റ് ശുപാർശകൾ പരിഗണനയിലാണ്.- എൻ.കെ പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |