
ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പാക് പ്രകോപനം. വടക്കൻ അറബിക്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക് നാവിക കപ്പൽ കൊണ്ടിടിച്ചു. പാക് കപ്പൽ അതിവേഗതയിൽ പാഞ്ഞടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു. പാക് നടപടി അംഗീകരിക്കാനാകില്ല. അൺപ്രൊഫഷണൽ സമീപനമാണുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് താക്കീതും നൽകി.
ഇന്ത്യൻ യുദ്ധക്കപ്പലിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് സൂചന. പാക് കപ്പലിന്റെ ഒരുഭാഗം തകർന്നെന്നാണ് റിപ്പോർട്ടുകൾ.
പാക് സേനാ വിഭാഗങ്ങളുടെ ഇത്തരം നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ല. ഇരുപക്ഷവും തമ്മിൽ 1991ൽ ഒപ്പിട്ട കരാറിനെ കുറിച്ചും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനെ ഓർമ്മിപ്പിച്ചു. സൈനികാഭ്യാസങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകേണ്ടതാണ്. ഇരുരാജ്യങ്ങളുടെയും നാവികസേനാ കപ്പലുകളും അന്തർവാഹിനികളും തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കേണ്ടതുണ്ട്. ഇതെല്ലാം പാകിസ്ഥാൻ ലംഘിച്ചു. പാകിസ്ഥാനെ പ്രതിഷേധമറിയിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി.
2011ലും
2011ലും സമാനമായ സംഭവമുണ്ടായി. പാക് യുദ്ധക്കപ്പലായ പി.എൻ.എസ് ബാബർ ഇന്ത്യൻ പടക്കപ്പലിൽ കൊണ്ടിടിക്കുകയായിരുന്നു. അന്നും നയതന്ത്ര തലത്തിൽ ഇന്ത്യ വിഷയം ശക്തമായി കൈകാര്യം ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |