
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ വിഭാഗ (എസ്.ടി) സംരംഭകർക്ക് പിന്തുണ നൽകുന്ന വി.സി.എഫ്.എസ്.ടി പദ്ധതിക്കായി, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെ.എസ്. യു.എം) ധാരണാപത്രം ഒപ്പിട്ടു. എസ്.ടി വിഭാഗക്കാർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ കണ്ടെത്തി ധനസഹായം ലഭ്യമാക്കുക, ഇൻകുബേറ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം, സഹമന്ത്രി ദുർഗാദാസ് ഉയികി, ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി രഞ്ജന ചോപ്ര എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗോത്രകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അനന്ത് പ്രകാശ് പാണ്ഡെയും കെ.എസ്.യു.എം ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആറു മാസമായി പ്രവർത്തിക്കുന്നതും എസ്.ടി സംരംഭകർക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികൾക്ക് 50 ലക്ഷം രൂപ വരെയും ഒരു വർഷവും 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികൾക്ക് 50 ലക്ഷത്തിന് മുകളിലുള്ള ധനസഹായവും ലഭിക്കും. വി.സി.എഫ്.എസ്.ടി പദ്ധതിയിലേക്ക് അപേക്ഷിക്കാൻ https://www.vcfst.in/ എന്ന ലിങ്ക് സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |