SignIn
Kerala Kaumudi Online
Thursday, 17 September 2026 4.44 AM IST

കാ​ർ​ട്ട​ൺ​ ​വി​ല​ക്കു​തി​പ്പ് വി​പ​ണി​യെ​ ​വ​ലയ്ക്കുന്നു

carton

കൊച്ചി: സംസ്ഥാനത്ത് കാർട്ടൻ പെട്ടികളുടെ വില 20 ശതമാനം മുതൽ 25 ശതമാനം വരെ ഉയരും. അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധന, പഴയ കാർട്ടൺ പെട്ടികളുടെ ലഭ്യതയിലെ കുറവ്, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ എന്നിവ ഉത്പാദനച്ചെലവ് വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കെ.ഇ.സി.ബി.എം.എ) അറിയിച്ചു. കൊച്ചിയിൽ ചേർന്ന എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടുത്ത ദിവസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും.

കാർട്ടണുകളുടെ അളവും കട്ടിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. കൊറിയർ ആവശ്യങ്ങൾക്കുള്ള ചെറിയ പെട്ടികൾക്ക് നിലവിൽ 5 മുതൽ 12 രൂപ വരെയും വീട് മാറ്റത്തിനും വ്യാവസായിക പാക്കിംഗിനുമുള്ള വലിയ ബോക്‌സുകൾക്ക് 30 മുതൽ 120 രൂപ വരെയാണ് നിലവിലെ വില. ഇതോടെ ഇ കൊമേഴ്സ്, കൊറിയർ, എഫ്.എം.സി.ജി, ഔഷധം, ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയ മേഖലകളിലെ പ്രവർത്തനചെലവ് കൂടും.

പ്രധാന അസംസ്‌കൃത സാധനമായ ക്രാഫ്‌റ്റ് പേപ്പറിന്റെ വില ഉയർന്നതും പേപ്പർ മില്ലുകൾ ഉത്പാദനം കുറച്ചതും വെല്ലുവിളിയാണെന്ന് നിർമ്മാതാക്കൾ പറയുന്നു.

ലാഭമാർജിൻ കുറയും

പാക്കിംഗ് ചെലവ് കൂടുമ്പോൾ എഫ്.എം.സി.ജി, കൺസ്യൂമർ ഉത്പന്നങ്ങൾ, ഔഷധം, ഭക്ഷണ സാധനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ലാഭ സമ്മർദ്ദം നേരിടും. പാഴ്‌സലുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ചെലവ് കൂടുന്നതിനാൽ കൊറിയർ സ്ഥാപനങ്ങൾ നിരക്ക് ഉയർത്താൻ സാദ്ധ്യതയുണ്ട്. പാക്കിംഗ് ചെലവിലെ വർദ്ധന കമ്പനികളുടെയും വിതരണക്കാരുടെയും ലാഭമാർജിൻ കുറയ്ക്കും. പഴം, പച്ചക്കറികൾ എന്നിവയുടെ പാക്കിംഗ് ചെലവ് കൂടുന്നതിനാൽ കാർഷിക മേഖലയെയും വലയ്ക്കും.

നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നതോടെ ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല."
ജി. രാജീവ്

പ്രസിഡന്റ്

കെ.ഇ.സി.ബി.എം.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360