
എണ്ണക്കമ്പനികൾക്ക് 10,000 കോടി ലഭ്യമാക്കും
കൊച്ചി: പ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയെ രക്ഷിക്കാൻ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്) വില സ്ഥിരതയിൽ നിലനിറുത്താൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് 10,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഒറ്റത്തവണയായാണ് ഈ തുക കമ്പനികൾക്ക് നൽകുക. പശ്ചിമേഷ്യൻ യുദ്ധം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ വർദ്ധന സൃഷ്‌ടിച്ചതോടെ എ.ടി.എഫ് അടക്കമുള്ള ഇന്ധനങ്ങളുടെ വില്പനയിൽ പൊതുമേഖല കമ്പനികൾ കനത്ത നഷ്‌ടമാണ് നേരിടുന്നത്. ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിനാൽ എ.ടി.എഫിന് ലിറ്ററിന് 30 രൂപയുടെ നഷ്‌ടമുണ്ടെന്ന് എണ്ണക്കമ്പനികൾ പറയുന്നു. പ്രതിസന്ധി കാലയളവിൽ എ.ടി.എഫ് വില വർദ്ധന ഒഴിവാക്കാനാണ് പാക്കേജ്.
ഈ തുക ലഭിക്കുന്നതോടെ രാജ്യത്തെ വ്യോമയാന കമ്പനികൾക്ക് പ്രവർത്തന, ധനകാര്യ ക്ഷമത വർദ്ധിപ്പിക്കാനാകും. ഇതോടെ ആഭ്യന്തര, രാജ്യാന്തര സേവനങ്ങൾ മുടക്കമില്ലാതെ തുടരാൻ വിമാന കമ്പനികൾക്ക് കഴിയും. എ.ടി.എഫ് വില കൂടിയാൽ അധിക ബാദ്ധ്യത യാത്രക്കാർക്ക് കൈമാറാൻ നിർബന്ധിതരാകുമെന്നതിനാലാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടത്.
നഷ്‌ടം കുതിച്ചുയരുന്നു
നിലവിൽ എണ്ണക്കമ്പനികൾ ഭീമമായ നഷ്ടത്തിലാണ് വിമാന ഇന്ധനം വിൽക്കുന്നത്. ആഭ്യന്തര സെക്ടറിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.05 ലക്ഷം രൂപയാണ് (1,090 ഡോളർ) കമ്പനികൾ ഈടാക്കുന്നത്. വ്യോമയാന മേഖലയിലെ മൊത്തം ചെലവിൽ 40 ശതമാനത്തിലധികം ഇന്ധന വിലയിലാണ്.
കമ്പനികൾ മുൾമുനയിൽ
പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പ്, സ്പൈസ് ജെറ്റ്, ആകാശ എന്നിവയെല്ലാം വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടവും ഉയർന്ന ഇന്ധന വിലയും മൂലം 2,536.9 കോടി രൂപയുടെ നഷ്‌ടമാണ് നേരിട്ടത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |