SignIn
Kerala Kaumudi Online
Sunday, 19 July 2026 12.47 PM IST

പിടിമുറുക്കി ഇറാൻ: കുവൈറ്റിൽ കനത്ത ആക്രമണം

d

കുവൈറ്റ് സിറ്റി: യു.എസുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ കുവൈറ്റിൽ കനത്ത നാശംവിതച്ച് ഇറാൻ. യു.എസ് ബോംബിംഗിന് മറുപടിയായി കുവൈറ്റിലെ എണ്ണ കേന്ദ്രത്തെയും വൈദ്യുതി ഉത്പാദന - ജല ശുദ്ധീകരണ ശാലയേയും ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഉന്നമിട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വൻതോതിലെ അമേരിക്കൻ സൈനിക സന്നാഹങ്ങളുള്ളതിനാലാണ് കുവൈറ്റിനെ ഇറാൻ നിരന്തരം ലക്ഷ്യമിടുന്നത്.


ആക്രമണത്തിൽ എണ്ണ കേന്ദ്രങ്ങളിൽ ഒന്നിന് കാര്യമായ നാശനഷ്ടമുണ്ടായെന്ന് കുവൈറ്റ് പെട്രോളിയം കോർപറേഷൻ (കെ.പി.സി) അറിയിച്ചു. ആക്രമണം നേരിട്ടത് എവിടെയെന്ന് വ്യക്തമാക്കിയില്ല. എന്നാൽ അൽ അഹ്‌മ്മദി ഗവർണറേറ്റിലെ റിഫൈനറികൾക്ക് സമീപം ശക്തമായ സ്ഫോടനങ്ങളുണ്ടായെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈദ്യുതി ഉത്പാദന - ജല ശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. കടൽജലം ശുദ്ധീകരിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് കുവൈറ്റിലെ കുടിവെള്ളത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നത്. തുടർച്ചയായ ഇറാൻ ആക്രമണം രാജ്യത്ത് വൈദ്യുതി, ജലവിതരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നു.

അതിനിടെ, ശക്തമായ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. നിരവധി ഫ്ലൈറ്റുകളെ വഴിതിരിച്ചുവിടുകയോ സമയം പുനക്രമീകരിക്കുകയോ ചെയ്തു. യു.എസ് സേന തമ്പടിച്ചിട്ടുള്ള കുവൈറ്റിലെ ക്യാമ്പ് അരിഫ്ജാൻ, അലി അൽ സലീം ബേസുകളിൽ കനത്ത നാശംവിതച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.


# കപ്പലുകളിൽ സ്ഫോടനം ?


ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച നേവൽ മൈനുകളിൽ ഇടിച്ച് രണ്ട് എണ്ണ ടാങ്കറുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ. യു.എസിന്റെ നിർദ്ദേശപ്രകാരം ഒമാന് സമീപത്തുകൂടിയാണ് കപ്പലുകൾ നീങ്ങിയതെന്നും അവകാശപ്പെട്ടു. എന്നാൽ ഇറാന്റേത് വ്യാജപ്രചാരണമാണെന്നും ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കാനുള്ള തന്ത്രമാണെന്നും യു.എസ് പ്രതികരിച്ചു. അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച നാല് കപ്പലുകളെ ഇറാൻ സൈന്യം ഇന്നലെ തടഞ്ഞു.

# യു.എസ് സൈനികർ കൊല്ലപ്പെട്ടു

 ജോർദ്ദാനിൽ ഇറാന്റെ മിസൈലാക്രമണത്തിൽ 2 യു.എസ് സൈനികർ കൊല്ലപ്പെട്ടു. ബഹ്റൈൻ,​ സൗദി എന്നിവിടങ്ങളിൽ വ്യോമാക്രമണം ചെറുത്തു
 ജൂലായ് 6 മുതൽ യു.എസ് ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. 500 ലേറെ പേർക്ക് പരിക്ക്

 തെക്കൻ ഇറാനിലെ ഭൂഗർഭ ആയുധ കേന്ദ്രങ്ങൾ യു.എസ് തകർത്തു. ജല ശുദ്ധീകരണ പ്ലാന്റ് തകർന്ന് 10,000 ത്തോളം പേരിലേക്കുള്ള ജലവിതരണം നിലച്ചെന്ന് ആരോപണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360