
ന്യൂഡൽഹി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ശിവസേന ഉദ്ധവ് പക്ഷത്തിന് തിരിച്ചടി. ഉദ്ധവ് പക്ഷത്തുനിന്ന് ഷിൻഡെ പക്ഷത്തേക്ക് ചേർന്ന ആറ് വിമത എം.പിമാരുടെ ലയനത്തിന് ലോക്സഭാ സ്പീക്കർ ഓംബിർള അംഗീകാരം നൽകി.
എം.പിമാർ പാർട്ടിവിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് കൂറുമാറ്റ നിരോധനനിയമ പ്രകാരം സ്പീക്കർ ഈ മാറ്റത്തെ സാധുവാക്കിയത്. ഇതോടെ ലോക്സഭയിൽ ഷിൻഡെ പക്ഷത്തിന്റെ അംഗബലം ഏഴിൽ നിന്ന് 13 ആയി. ഉദ്ധവ് പക്ഷം മൂന്നുപേരായി ചുരുങ്ങി.
എം.പിമാരുടെ പാർട്ടിമാറ്റം നിയമപരമാണെന്നും സ്പീക്കർ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷയെന്നും നേരത്തെ ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. ഭരണഘടന അനുസരിച്ച് ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ മറ്റൊരു പാർട്ടിയിലേക്ക് ലയിച്ചാൽ അതിനെ കൂറുമാറ്റമായി പരിഗണിക്കില്ലെന്ന വ്യവസ്ഥയാണ് ഇവിടെ ഷിൻഡെ പക്ഷത്തിന് തുണയായത്.
ടി.എം.സി വിമതർക്ക്
പ്രത്യേക ബ്ലോക്ക്
തൃണമൂൽ കോൺഗ്രസ് വിട്ട് എൻ.സി.പി.ഐയിൽ ചേർന്ന 20 എം.പിമാർക്ക് സ്പീക്കർ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യയുടെ നേതൃത്വത്തിൽ ടി.എം.സി വിമതർ നേരത്തെ സ്പീക്കറെ സന്ദർശിച്ച് പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |