
കൊച്ചി: കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസന രംഗത്തേക്ക് വിപുലമായ നിക്ഷേപത്തിന് ഒരുങ്ങുന്നതും ഭവന നിൽമ്മാണ മേഖലയിലെ ഉണർവും രാജ്യത്തെ സിമന്റ് വ്യവസായ മേഖലയ്ക്ക് വീണ്ടും ഉണർവ് പകരുന്നു. നടപ്പുസാമ്പത്തിക വർഷം സിമന്റ് ഉപഭോഗം ഗണ്യമായി മെച്ചപ്പെടുമെന്ന് കമ്പനികൾ പറയുന്നു. ക്രൂഡോയിൽ വിലയിലെ കുതിപ്പ് കമ്പനികളുടെ വിൽപ്പന മാർജിനെ കുറച്ചെങ്കിലും ദീർഘകാലത്തെ സാദ്ധ്യതകൾ വിപുലമാണെന്ന് അനലിസ്‌റ്റുകൾ പറയുന്നു. നടപ്പുവർഷം സിമന്റ് വിൽപ്പനയിൽ ഏഴ് മുതൽ പത്ത് ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ സിമന്റ് നിർമ്മാതാക്കളായ നുവോകോ വിസ്‌ത പുറത്തുവിട്ട പ്രവർത്തന ഫലമനുസരിച്ച് കമ്പനിയുടെ വിൽപ്പനയും മാർജിനും ലാഭക്ഷമതയും പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നേടി. ഇതോടെ നുവോകോ വിസ്‌തയുടെ ഓഹരി വിലയിൽ ഇന്നലെ 17 ശതമാനം വർദ്ധനയുണ്ടായി. ഇതോടെ മറ്റ് സിമന്റ് കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. അൾട്രാടെക്ക് സിമന്റിന്റെ ഓഹരി വില മൂന്ന് ശതമാനവും ശ്രീ സിമന്റ് 2.5 ശതമാനവും അംബുജ സിമന്റ് 1.4 ശതമാനവും നേട്ടമുണ്ടാക്കി. ജെ.കെ സിമന്റ്, എ.സി.സി, ജെ.എസ്.ഡബ്‌ള്യു സിമന്റ് എന്നിവയുടെ ഓഹരികളും മുന്നേറി.
ലോകത്തിലെ ഏറ്റവും വലിയ സിമന്റ് വിപണികളിലൊന്നായ ഇന്ത്യയുടെ പ്രതിവർഷ ഉത്പാദന ശേഷി 70 കോടി ടണ്ണാണ്. നടപ്പുവർഷം ഇന്ത്യയിലെ മൊത്തം സിമന്റ് ഉപഭോഗം 40 കോടി ടൺ കവിയുമെന്നാണ് വിലയിരുത്തുന്നത്. മൊത്തം ഉപഭോഗത്തിന്റെ 60 ശതമാനത്തിലധികം ഭവന നിർമ്മാണ മേഖലയിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഫോർഡബിൾ ഹൗസിംഗ് പദ്ധതികളും അതിവേഗത്തിലുള്ള നഗരവൽക്കരണവുമാണ് സിമന്റ് വിൽപ്പനയ്ക്ക് കരുത്താകുന്നത്. വ്യവസായ ഇടനാഴികളും പുതിയ ഹൈവേകളുമടക്കമുള്ള പശ്ചാത്തല വികസന രംഗത്തെ വമ്പൻ നിക്ഷേപവും സിമന്റ് വ്യവസായത്തിന് മികച്ച സാദ്ധ്യതകൾ തുറന്നിടുന്നു. രാജ്യത്തെ മൊത്തം സിമന്റ് ഉത്പാദനത്തിലും വിപണനത്തിലും കുത്തക രണ്ട് പ്രമുഖ കമ്പനികളായ അൾട്രാടെക്ക് സിമന്റ്, അദാനി ഗ്രൂപ്പ് എന്നിവയ്ക്ക് മൊത്തം വിപണിയുടെ 45 ശതമാനം വിപണി വിഹിതമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |