
കൊച്ചി: സംസ്ഥാനത്തെ ചെറുകിട പെയിന്റ് വ്യാപാര മേഖലയുടെ നട്ടെല്ലാടിക്കുന്ന വൻകിട കമ്പനികളുടെ വ്യാപാരനയത്തിനെതിരെ സൂചന സമരമെന്ന നിലയിൽ ഓൾ കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ ( എ.കെ.പി.ഡി.എ) 27ന് എറണാകുളത്ത് സംസ്ഥാനതല അവകാശ സംരക്ഷണ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ ആറായിരത്തിലധികം ഡീലർമാരെ പ്രതിനിധീകരിച്ച് 400 സംസ്ഥാന കൗൺസിൽ അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും. പെയിന്റ് വ്യാപാരികളിൽ വലിയൊരു ഭാഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കമ്പനികളുടെ തെറ്റായ വ്യാപാര നയങ്ങൾ മൂലം പല ദിവസങ്ങളിലും ഡീലർക്ക് ഒരു തൊഴിലാളിക്ക് ശമ്പളം നൽകാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഇനിയും കമ്പനികളുടെ അനാരോഗ്യ നയങ്ങൾ അനുസരിച്ച് കച്ചവടം ചെയ്യണമെന്ന നിർബന്ധം അനുവദിക്കില്ല. അംഗങ്ങളായിട്ടുള്ള മുഴുവൻ ഡീലർമാരുടെയും പരിപൂർണ സംരക്ഷണം ഉറപ്പാക്കുന്ന നയങ്ങളും തീരുമാനങ്ങളും സംസ്ഥാന കൺവെൻഷനിൽ ഉണ്ടാകും. അതനുസരിച്ച് മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം. ഈ കാര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ പെയിന്റ് വ്യാപാരികളും ഒറ്റകെട്ടാണെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു. എ.കെ.പി.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.ഐ. നജാഹ്, സെക്രട്ടറി പി. പ്രദീപ്, എറണാകുളം ജില്ല പ്രസിഡന്റ് ജോജി പീറ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |