
ഇന്ധന വില കുറച്ചേക്കും
കൊച്ചി: ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ പെട്ടെന്ന് കുറവുണ്ടാകില്ലെങ്കിലും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറയ്ക്കാനാണ് സാദ്ധ്യത. ജൂലായ് ഒന്നിന് പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 73 ഡോളറിലും താഴെയെത്തിയിരുന്നു.
പശ്ചമേഷ്യ സമാധാന പാതയിലായതും ഹോർമുസിലൂടെ കപ്പൽ ഗതാഗതം പുനരാരംഭിച്ചതുമാണ് എണ്ണ വിലയിൽ ഇടിവുണ്ടാക്കിയത്. വരും ദിവസങ്ങളിൽ ക്രൂഡ് വില 65 ഡോളർ വരെ താഴുമെന്നാണ് പ്രവചനം.
ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെയാണ് ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഗൾഫ് മേഖലയിൽ നിന്ന് ഹോർമുസിലൂടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡിൽ 40 ശതമാനവും എത്തിയിരുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗൾഫ് ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള സപ്ളൈ പൂർണമായും നിലച്ചിരുന്നു.
ആശ്വാസം പകരുന്നത്
1. ക്രൂഡോയിൽ, പ്രകൃതി വാതക ലഭ്യത ഉയരുന്നു
2. വളം, കെമിക്കലുകൾ തുടങ്ങിയവയുടെ വരവ് കൂടി
3. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു
4. വിദേശ നിക്ഷേപ ഒഴുക്കിൽ ഗണ്യമായ വർദ്ധന
എക്‌സൈസ് ഡ്യൂട്ടി കൂടിയേക്കും
യുദ്ധ കാലത്ത് എണ്ണക്കമ്പനികൾക്ക് ആശ്വാസം പകരുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ച തീരുമാനം കേന്ദ്ര സർക്കാർ പുന:പരിശോധിച്ചേക്കും. ഡ്യൂട്ടി കുറച്ചതിലൂടെ വൻ നഷ്‌ടമാണ് സർക്കാർ നേരിടുന്നത്. ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം തിരുത്തുന്നത്. അതിനുശേഷം മാത്രമേ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ഇടയുള്ളൂ.
ഇറക്കുമതി ചെലവിലെ ലാഭം
ക്രൂഡോയിൽ വില ബാരലിന് പത്ത് ഡോളർ താഴ്ന്നാൽ ഇന്ത്യയുടെ വാർഷിക ഇറക്കുമതി ബിൽ 1,400 കോടി ഡോളർ വരെ കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |