SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

പശ്ചിമേഷ്യയിൽ തീപ്പൊരി, നിക്ഷേപകർക്ക് നെഞ്ചിടിപ്പ്

oil

ക്രൂഡ് വിലക്കുതിപ്പ് വിനയാകും

കൊച്ചി: ആഗോള വിപണികളെ മുൾമുനയിലാക്കി പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതോടെ ക്രൂഡോയിൽ, സ്വർണം, ഓഹരി വിപണികൾ കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് ഗതാഗതം വീണ്ടും തടസപ്പെടാനുള്ള സാദ്ധ്യത ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കിയേക്കും. ഇതോടെ നാണയപ്പെരുപ്പം ഉയരുന്നതിനാൽ അമേരിക്കയിലെ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ വൈകുമെന്ന ആശങ്ക നിക്ഷേപകരെ വലയ്ക്കുന്നു. . വാരാന്ത്യ അവധിക്ക് ശേഷം ഇന്ന് ഓഹരി, സ്വർണ, ക്രൂഡോയിൽ വിപണികളിൽ വ്യാപാരം ആരംഭിക്കുന്നതോടെ ചിത്രം വ്യക്തമാകും.

വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 76 ഡോളറിലായിരുന്നു. സംഘർഷം രൂക്ഷമായാൽ വില 80 ഡോളറിന് മുകളിലെത്തിയേക്കും. ലോകമെമ്പാടും ഭക്ഷ്യ, വ്യാവസായിക ഉത്പന്നങ്ങളുടെ വില കുതിച്ചുയരാൻ സാഹചര്യമൊരുങ്ങുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ യു.എസ് ബോണ്ടുകൾക്കും ഡോളറിനും പ്രിയം കൂടുന്നതിനാൽ സ്വർണ വിപണിയിലും ചാഞ്ചാട്ടം ശക്തമായേക്കും. കാലവർഷം ഒളിച്ചുകളിക്കുന്നതിനാൽ കാർഷിക ഉത്പാദനം കുറയുമെന്ന ആശങ്കയ്ക്കിടെയാണ് പശ്ചിമേഷ്യൻ സംഘർഷം കരിനിഴലാകുന്നത്. ബുധനാഴ്ച പുറത്തുവരുന്ന നാണയപ്പെരുപ്പ കണക്കുകൾ ഓഹരി വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കും. കഴിഞ്ഞ വാരം സെൻസെക്‌സ് 194.5 പോയിന്റും നിഫ്‌റ്റി 63.95 പോയിന്റും നഷ്‌ടം നേരിട്ടിരുന്നു.

ക്രൂഡ് വില ഒരു ഡോളർ ഉയർന്നാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവിലെ വർദ്ധന

1,800 കോടി രൂപ

വിപണിയെ സ്വാധീനിക്കുന്നത്

1. ക്രൂഡോയിൽ വിലയിലെ കുതിപ്പ്

2. നാണയപ്പെരുപ്പത്തിലെ വർദ്ധന

3. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ

4. കാലവർഷത്തിന്റെ പുരോഗതി

വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

ദീർഘമായ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപ താൽപ്പര്യമേറുന്നു. തുടർച്ചയായ നാല് മാസത്തെ കനത്ത വിൽപ്പനയ്ക്ക് ശേഷം വിദേശ നിക്ഷേപകർ ജൂലായിൽ ഇതുവരെ 15,157 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഡോളറിനെതിരെ രൂപ സ്ഥിരത കൈവരിച്ചതും മൈക്രോ സാമ്പത്തിക ഘടകങ്ങൾ മെച്ചപ്പെട്ടതുമാണ് അനുകൂലമായത്.

പ്രവർത്തന ഫലങ്ങളിൽ കണ്ണുനട്ട്

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം ത്രൈമാസത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ(ടി.സി.എസ്) പ്രവർത്തന ഫലം നിക്ഷേപകർ ആവേശമായി. എ.ഐ കാലത്ത് ബിസിനസ് മെച്ചപ്പെടുമെന്ന വിലയിരുത്തലാണ് അനുകൂലം. എച്ച്.സി.എൽ ടെക്‌നോളജീസ്, ടെക്ക് മഹീന്ദ്ര, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവയുടെ പ്രവർത്തന ഫലങ്ങൾ ഈ വാരം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360