SignIn
Kerala Kaumudi Online
Saturday, 18 July 2026 12.59 PM IST

10, 20 രൂപയുടെ നോട്ടുകൾ മാറും; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ? പുതിയ പദ്ധതി പരീക്ഷിക്കാൻ ആർബിഐ

currency

മുംബയ്: അടുത്ത വർഷം മുതൽ ഇന്ത്യയിൽ 10, 20 രൂപ മൂല്യമുള്ള കറൻസി നോട്ടുകൾ പോളിമർ രൂപത്തിലാക്കാൻ സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആഗോള വിതരണക്കാരെ പങ്കെടുപ്പിച്ച് പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. 10, 20 രൂപ നോട്ടുകൾ ഉപയോഗിച്ച് ആർബിഐ തങ്ങളുടെ പൈലറ്റ് പദ്ധതി ആരംഭിക്കാനിരിക്കുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഫീൽഡ് പരീക്ഷണങ്ങൾ വിജയിച്ചാൽ വിപുലമായ പദ്ധതിയിലേക്ക് ആർബിഐ കടക്കുമെന്നാണ് വിവരം. 2027 ആകുമ്പോഴേക്കും കൂടുതൽ കറൻസികൾ പോളിമർ രൂപത്തിൽ പുറത്തിറക്കിയേക്കും. ആർബിഐയുടെ കറൻസി അച്ചടി വിഭാഗമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡ് പോളിമർ ഷീറ്റിനായി ലോകമെമ്പാടുമുള്ള നിർമ്മാതാക്കളെ ക്ഷണിച്ചുകൊണ്ട് താൽപ്പര്യപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളിച്ച 'ഒപാസിഫൈഡ് പോളിമർ സബ്സ്‌ട്രേറ്റ് ഷീറ്റുകൾ' വിതരണം ചെയ്യാനാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

ബൈആക്സിയലി ഓറിയന്റഡ് പോളിപ്രൊപിലീൻ അടിസ്ഥാനമാക്കിയുള്ള പോളിമർ സബ്സ്‌ട്രേറ്റിന്റെ 68,000 റീം ലഭ്യമാക്കുന്നതിനാണ് താൽപ്പര്യപത്രം. ഇതിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്കായി 34,000 റീം വീതമാണ് നീക്കിവച്ചിരിക്കുന്നത്. പോളിമർ കറൻസി നോട്ടുകൾ പരീക്ഷിക്കുന്നതിനായി ആർബിഐ ആസൂത്രണം ചെയ്ത നടപടികളുടെ തുടക്കമാണ് ആഗോള ടെൻഡർ. ഓഗസ്റ്റ് 18ന് ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിലുള്ള സംഭരണം അടിയന്തര ആവശ്യത്തിന് മാത്രമുള്ളതാണെന്നും പരീക്ഷണം വിജയിക്കുകയാണെങ്കിൽ വലിയ ഓർഡറുകൾക്ക് സാദ്ധ്യതയുണ്ടെന്നും ടെൻഡർ രേഖയിൽ പറയുന്നു.

പൈലറ്റ് പദ്ധതിക്കായി ഉപയോഗിക്കുന്ന നോട്ടുകളുടെ മൂല്യങ്ങൾ സംബന്ധിച്ച് ആർബിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ ജൂണിലെ പണനയ അവലോകന യോഗത്തിന് ശേഷം പോളിമർ നോട്ടുകൾ സംബന്ധിച്ച നിർദ്ദേശം പരിഗണനയിലുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് അവയുടെ ഗുണങ്ങളും പ്രായോഗികതയും പരിശോധിച്ചുവരികയാണെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കുന്നു.

1988ൽ ആസ്‌ട്രേലിയയാണ് ആദ്യമായി പോളിമർ നോട്ടുകൾ പ്രാബല്യത്തിൽകൊണ്ടുവന്നത്. 50ഓളം രാജ്യങ്ങളിൽ പോളിമർ നോട്ടുകൾ നിലവിലുണ്ട്. പരമ്പരാഗത പേപ്പർ കറൻസിയെ അപേക്ഷിച്ച് ഇവ കൂടുതൽ ഈടുനിൽക്കുന്നവയും വ്യാജ നിർമ്മാണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നവയും ദീർഘകാലം നിലനിൽക്കുന്നവയുമാണ്. ദീർഘകാലാടിസ്ഥാനത്തിൽ അച്ചടിച്ചെലവും പാരിസ്ഥിതിക ആഘാതവും കുറയ്ക്കാനും സഹായിച്ചേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLYMER CURRENCY IN INDIA, CURRENCY NEWS MALAYALAM, POLYMER CURRENCY RBI NEWS, POLYMER CURRENCY LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360