SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

റിസർവ് ബാങ്ക് പലിശ തീരുമാനം കാത്ത് വിപണി

interest

റിസർവ് ബാങ്ക് പലിശ തീരുമാനം കാത്ത് വിപണി

ധനസമിതി യോഗം ഇന്ന് തുടങ്ങും

കൊച്ചി: ഉയർന്ന നാണയപ്പെരുപ്പവും പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നതിനാൽ ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മുന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. മുഖ്യപലിശ നിരക്കായ റിപ്പോ 5.25 ശതമാനത്തിൽ തുടർന്നേക്കും. എന്നാൽ ഭാവിയിൽ പലിശ വർദ്ധനയ്ക്ക് സാദ്ധ്യതകൾ വ്യക്തമാക്കി ന്യൂട്രൽ നിലപാട് തുടരാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷനായ ധന നയ അവലോകന സമിതി തീരുമാനിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ആഗസ്റ്റ് അഞ്ചിനാണ് നയം പ്രഖ്യാപിക്കുന്നത്. ഇറാനും അമേരിക്കയുമായുള്ള സംഘർഷത്തിന്റെ വ്യാപനം, ഉയർന്ന ക്രൂഡോയിൽ വില, കാലവർഷ ലഭ്യതയിലെ അനിശ്ചിതത്വം എന്നിവ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നതിനാൽ കരുതലോടെ നീങ്ങാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പ്രധാന പരിഗണനയെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിരുന്നു. ഒക്ടോബറിലെ ധന നയത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. വിപണിക്ക് ഉണർവ് പകരുന്നതിന് രണ്ട് വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു.

കരുതലോടെ ഓഹരി നിക്ഷേപകർ

പശ്ചിമേഷ്യയിലെ സംഘർഷം, റിസർവ് ബാങ്ക് പലിശ തീരുമാനം, ക്രൂഡോയിൽ വിലയിലെ ചലനങ്ങൾ എന്നിവയാകും നടപ്പുവാരം ഓഹരി വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക. ജൂലായിൽ ജി.എസ്.ടി സമാഹരണത്തിലും വാഹന വിൽപ്പനയിലും ദൃശ്യമായ ഉണർവ് സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിന്റെ സൂചനയാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതും വിപണിയിൽ ആവേശം സൃഷ്‌ടിക്കുന്നു. കഴിഞ്ഞ വാരം മികച്ച നേട്ടത്തോടെയാണ് മുഖ്യ സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. ആഗോള ടെക്ക് ഓഹരികളിലെ തിരുത്തൽ കണക്കിലെടുത്ത് വിദേശ നിക്ഷേപത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയേക്കുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരമുണ്ടായ വർദ്ധന

2.5 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360