അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 15കാരനായ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്‌ണമാചാരി ശ്രീകാന്ത്. ഗൗതം ഗംഭീറും ശ്രേയസ് അയ്യരും ഉൾപ്പെടുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് മുൻ ബിസിസിഐ ചീഫ് സെലക്‌ടർ കൂടിയായ ശ്രീകാന്ത് ചോദ്യം ചെയ്‌തത്.
സിംബാവെയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയിൽ 'പ്ലെയർ ഒഫ് സിരീസ്' ആയിരുന്നു വൈഭവ് സൂര്യവംശി. എന്നാൽ, അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യിൽ താരത്തിന് പകരം സഞ്ജു സാംസണെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ സഞ്ജുവിന് 10 റൺസ് മാത്രമാണ് നേടാനായത്. വൈഭവിനെ മത്സരത്തിൽനിന്ന് ഒഴിവാക്കിയതിൽ തന്റെ ഭാര്യ പോലും അത്ഭുതപ്പെട്ടെന്ന് ശ്രീകാന്ത് പറഞ്ഞു.
'വൈഭവ് കളിക്കാത്തതിനാൽ ഇന്നലെ ഞങ്ങൾ ഒരു സിനിമ കാണാൻ തുടങ്ങി. എന്നാൽ, വൈഭവ് കളിക്കാത്തതിനെക്കുറിച്ച് ഭാര്യ ദേഷ്യത്തിൽ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പ്ലെയർ ഒഫ് മാച്ചായിരുന്ന ഒരാളെ എങ്ങനെ ഒഴിവാക്കിയെന്നാണ് അവർ ചോദിച്ചത്'- ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'നിങ്ങൾ വൈഭവിനോട് ശരിയായ രീതിയിലല്ല പെരുമാറുന്നത്. ഇനി അടുത്ത മത്സരത്തിൽ അവൻ കളിച്ചാൽതന്നെ റൺസ് നേടാൻ കഴിഞ്ഞില്ലെങ്കിൽ തന്നെ പുറത്താക്കുമോയെന്ന ഭയം അവനുണ്ടാകും. നിങ്ങൾ നൽകുന്ന സന്ദേശം ശരിയല്ല. ഇത് ടീമിലെ മറ്റ് താരങ്ങളുടെ മനസിലും സംശയങ്ങൾ സൃഷ്‌ടിക്കും'- ശ്രീകാന്ത് വ്യക്തമാക്കി.
ദുലീപ് ട്രോഫി, ട്വന്റി20 മത്സരങ്ങൾ, ഐപിഎൽ എന്നിവയിലെല്ലാം വൈഭവ് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അതിനാൽ താരത്തെ കൂടുതൽ മത്സരങ്ങളിൽ കളിപ്പിച്ച് പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സഞ്ജു സാംസണോടുള്ള ടീമിന്റെ സമീപനത്തിലും ശ്രീകാന്ത് അതൃപ്‌തി പ്രകടിപ്പിച്ചു. 2026ലെ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഒഫ് ദി മാച്ച് ടൂർണമെന്റായിരുന്നിട്ടും മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ടീം മാനേജ്‌മെന്റ് സഞ്ജു സാംസണെ ഉപയോഗിച്ച് കളിക്കുകയാണ്. എനിക്ക് സഞ്ജുവിനോട് സഹതാപമുണ്ട്. ഒന്നുകിൽ അദ്ദേഹത്തിന് തുടർച്ചയായി അവസരങ്ങൾ നൽകുക. അല്ലെങ്കിൽ വൈഭവ് സൂര്യവംശിക്ക് തുടർച്ചയായ മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകുക. രണ്ടുപേർക്കും ഒന്നോ രണ്ടോ അവസരങ്ങൾ മാത്രം നൽകി വീണ്ടും ഒഴിവാക്കുന്നത് നല്ലതല്ല'- ശ്രീകാന്ത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പര്യടനത്തിന് സഞ്ജുവിന് പകരം വൈഭവിന് അവസരം നൽകിയിരുന്നു. എന്നാൽ, അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20 ടീമിൽ സഞ്ജുവിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി. മത്സരത്തിൽ സഞ്ജു പരാജയപ്പെട്ടതോടെ രണ്ടാം ട്വന്റി20യിൽ ആരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമെന്നത് പ്രധാനമാണ്.
Krishnamachari Srikkanth criticised India’s team management for dropping Vaibhav Suryavanshi against Afghanistan, urging consistent chances for both Vaibhav and Sanju Samson.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |