
ലക്ഷ്യം റഷ്യയും ചൈനയും
വാഷിംഗ്ടൺ: ഭൂമിയിലെ യുദ്ധം ബഹിരാകാശത്തേക്കും വ്യാപിക്കുമോ ? സയൻസ് ഫിക്ഷൻ സിനിമകളിലേതു പോലുള്ള സാഹചര്യങ്ങൾ വിദൂരമല്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് യു.എസ് ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. രാജ്യം പ്രവർത്തനസജ്ജമായ ബഹിരാകാശ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് സൈന്യം ആദ്യമായി സമ്മതിച്ചു.
യു.എസ് സ്‌പേസ് ഫോഴ്സിന്റെ നിയന്ത്രണത്തിൽ 'ഓൺ - ഓർബിറ്റ് കൺട്രോൾ" ആയുധങ്ങൾ ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടെന്ന് യു.എസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്‌ൻക് പറഞ്ഞു. ഭൂമിയ്ക്ക് പുറത്തുണ്ടാകാൻ ഇടയുള്ള നീക്കങ്ങളിൽ നിന്ന് യു.എസിനെയും സഖ്യ കക്ഷികളെയും പ്രതിരോധിക്കാനാണിത്.
എന്തുതരം ആയുധങ്ങൾ, പ്രവർത്തനം തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം സൈനിക ശേഷികളെ പറ്റി യു.എസ് പരസ്യമായി പ്രതികരിക്കാറില്ല. ബഹിരാകാശ അധിഷ്ഠിത ആയുധങ്ങളെക്കുറിച്ച് സുതാര്യത പുലർത്തുന്നത് ശത്രുക്കൾക്ക് തങ്ങളുടെ ശേഷിയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകുമെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ വാദം.
# ആണവായുധങ്ങൾ പാടില്ല
ബഹിരാകാശ ആയുധങ്ങൾക്ക് ഭൗതിക വസ്തുക്കളെ (ഉദാ: മിസൈൽ) തടയാനോ നശിപ്പിക്കാനോ ശേഷിയുണ്ടാകാം
യു.എസിന്റെ ആയുധങ്ങൾ പ്രധാനമായും ഇലക്ട്രോണിക് ജാമിംഗ്, സൈബർ / ലേസർ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നോൺ - കൈനറ്റിക് സാങ്കേതിക വിദ്യകളാകാമെന്ന് വിദഗ്ദർ. ബഹിരാകാശത്ത് അപകടകരമായ അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ഇവയെ തെരഞ്ഞെടുക്കാം
ബഹിരാകാശത്ത് ആണവ, ജൈവ, രാസ, റേഡിയോളജിക്കൽ ആയുധങ്ങളെ വിന്യസിക്കുന്നതിനെ 1967ലെ ബഹിരാകാശ ഉടമ്പടി വിലക്കുന്നു. പരമ്പരാഗത/ഇലക്ട്രോണിക് ബഹിരാകാശ നിയന്ത്രണ ആയുധങ്ങളെ സാങ്കേതികപരമായി തടയുന്നില്ല
# ഗോൾഡൻ ഡോമിന്റെ ഭാഗം
ബഹിരാകാശ ആയുധ വിന്യാസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ 'ഗോൾഡൻ ഡോമി"ന്റെ ആദ്യ പടിയെന്ന് കരുതുന്നു. അമേരിക്കയ്ക്ക് സുരക്ഷാ കവചം തീർക്കാനുള്ള മിസൈൽ പ്രതിരോധ സംവിധാനമാണിത്. ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉൾക്കൊള്ളുന്ന ഗോൾഡൻ ഡോമിന് ലോകത്തിന്റെ ഏതു കോണിൽ നിന്നോ ബഹിരാകാശത്ത് നിന്നോ വരുന്ന ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് മിസൈലുകളെ തടയാൻ സാധിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ പ്രസിഡൻഷ്യൽ കാലാവധി തീരും മുന്നേ പ്രവർത്തന സജ്ജമാകുമെന്നാണ് ട്രംപിന്റെ വാഗ്ദ്ധാനം.
# വെളിപ്പെടുത്തുന്നത് ആദ്യം
റഷ്യയുടെയും ചൈനയുടെയും ദ്രുതഗതിയിലെ സൈനിക നവീകരണമാണ് വിന്യാസത്തെ ന്യായീകരിക്കാൻ യു.എസ് ചൂണ്ടിക്കാട്ടുന്നത്. മൂന്ന് രാജ്യങ്ങളും ഉപഗ്രഹവേധ ആയുധങ്ങൾ അടക്കം പരീക്ഷിക്കുകയും ബഹിരാകാശത്ത് രഹസ്യ ഗവേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ യു.എസ് ആണ് ആദ്യമായി ആയുധ വിന്യാസം തുറന്നുസമ്മതിച്ചത്.
# ബഹിരാകാശത്ത് യുദ്ധ തയ്യാറെടുപ്പ് നിറുത്തൂ. ബഹിരാകാശത്തെ യുദ്ധക്കളമാക്കാനാണ് യു.എസ് ശ്രമിക്കുന്നത്.
- ചൈന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |