
ലൂസാക്ക : ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ആന്ത്രാക്സ് രോഗം പടരുന്നതിനിടെ, വന്യമൃഗങ്ങളുടെ മാംസം കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ള 12 മനുഷ്യരും മുന്യാമദ്‌സി നദീതീര പ്രദേശത്ത് ചത്ത വന്യമൃഗങ്ങളുടെ ഇറച്ചി കഴിച്ചവരാണെന്ന് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ വേട്ടയാടലിന് സർക്കാർ താത്കാലിക നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം എത്രത്തോളം പ്രദേശങ്ങളിലേക്ക് പടർന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് പൂർണ്ണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജൂലായ് മുതൽ മചിംഗ പ്രവിശ്യയിലാണ് രോഗം പടർന്നത്. ഹിപ്പോപ്പൊട്ടാമസ്, ആന, മുതല തുടങ്ങി 60 ലേറെ മൃഗങ്ങൾ ചത്തു. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമാണ് ആന്ത്രാക്സ് ഉണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്ന ബാസിലസ് ആന്ത്രാസിസ് പുല്ലിലൂടെയും മറ്റുമാണ് മൃഗങ്ങളിലേക്ക് പടരുന്നത്.
അതേ സമയം, ആന്ത്രാക്സ് സാംബിയയിൽ മനുഷ്യരിൽ വ്യാപിക്കുന്നത് ആദ്യമല്ല. 2023 ൽ രാജ്യത്തെ പത്ത് പ്രവിശ്യകളിൽ ഒമ്പതിലും രോഗവ്യാപനം കണ്ടെത്തുകയും നാല് പേർ മരിക്കുകയും ചെയ്തിരുന്നു. 2011ൽ ആന്ത്രാക്‌സ് ബാധിച്ച ഹിപ്പോപ്പൊട്ടാമസിന്റെ ഇറച്ചി കഴിച്ച് അഞ്ച് പേർ മരിച്ചു. 500 ലേറെ പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. മനുഷ്യരിൽ അപൂർവ്വമായ ആന്ത്രാക്സ് പനി, ശ്വാസതടസം, ചുമ, തലകറക്കം, വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയവയ്ക്ക് കാരണമാകും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കില്ലെങ്കിലും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും.
# ജൈവായുധമായും
ഉപയോഗിച്ചു
ത്വക്ക്, ശ്വാസകോശം, കുടൽ എന്നിവയെ ആണ് ആന്ത്രാക്സ് പ്രധാനമായും ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് ഏറ്റവും ഗുരുതരം. ഇതിന് 92 ശതമാനം മരണസാദ്ധ്യതയുണ്ട്
രണ്ടാം ലോകമഹായുദ്ധ കാലത്തും മറ്റും അപകടകാരിയായ ജൈവായുധമായും ആന്ത്രാക്സിനെ മനുഷ്യർ ഉപയോഗിച്ചിട്ടുണ്ട്. അത്യന്തം വിനാശകാരിയും, വ്യാപനശേഷിയും മരണനിരക്കും കൂടുതലുമുള്ള കാറ്റഗറി എ ഗണത്തിൽപ്പെടുന്ന ജൈവായുധമാണ് ഇത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |