
ക്രിസ്റ്റ്യാനോയ്ക്ക് വിടപറയൽ മത്സരം ഒരുക്കാൻ പോർച്ചുഗൽ, താത്പര്യം കാട്ടാതെ താരം
ലിസ്ബൺ : അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുമെന്ന് പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷൻ. എന്നാൽ ജോർജ് ജെസ്യൂസ് പരിശീലകനായി തുടരുന്നിടത്തോളം പോർച്ചുഗലിനായി കളിക്കില്ലെന്ന നിലപാടിലാണ് ക്രിസ്റ്റ്യാനോ. വിടപറയൽ മത്സരത്തിന് താത്പര്യമില്ലെന്ന് താരം ഫെഡറേഷനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിക്കുവേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞമാസം ആറിന് വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചിരുന്നു. ബെനിന് എതിരായ ആ മത്സരത്തിലും ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസി മടങ്ങിയത്. അത്തരത്തിലൊരു അവസരമാണ് ക്രിസ്റ്റ്യാനോയുടെ ആരാധകരും ആഗ്രഹിക്കുന്നത്. തങ്ങളുടെ ഏറ്റവും വിലയേറിയ താരത്തെ വിടവാങ്ങൽ മത്സരമില്ലാതെ മതിയാക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് പോർച്ചുഗീസ് ഫെഡറേഷൻ പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
പോർച്ചുഗലിന്റെ അന്താരാഷ്ട്ര മത്സരങ്ങൾ ഈമാസം 15നും 18നുമാണ്. യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഡെന്മാർക്കിനും നോർവേയ്ക്കും എതിരെയാണ് ഈ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ജെസ്യൂസ് തന്നെയാകും പരിശീലകൻ എന്നതിനാൽ ക്രിസ്റ്റ്യാനോ ഉണ്ടാവില്ലെന്നാണ് സൂചനകൾ. അതിനാൽ അടുത്ത ഫിഫയുടെ അന്താരാഷ്ട്ര സൗഹൃദ മത്സര വിൻഡോയിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ഒരു മത്സരം ഒരുക്കാനാണ് പോർച്ചുഗൽ ഫെഡറേഷന്റെ ശ്രമം. സൗഹൃദ മത്സരമായതിനാൽ കോച്ച് സ്ഥാനത്തുനിന്ന് ജെസ്യൂസിനെ മാറ്റിനിറുത്താനുമാകും. പക്ഷേ ഇതിനായി അടുത്തവർഷം മാർച്ചുവരെ കാത്തിരിക്കേണ്ടിവരും.
വേദിയൊരുക്കാൻ
അൽ നസ്ർ
ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി പോർച്ചുഗൽ ഫെഡറേഷൻ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുകയാണെങ്കിൽ അതിന്റെ വേദിയാകാൻ ക്രിസ്റ്റ്യാനോ ഇപ്പോൾ കളിക്കുന്ന സൗദി അറേബ്യൻ ക്ളബ് അൽ നസ്ർ ആവേശത്തോടെ മുന്നോട്ടുവന്നിട്ടുണ്ട്. ദേശീയ ടീമിൽ നിന്ന് വിരമിച്ചാലും അൽ നസ്റിന് വേണ്ടി ക്രിസ്റ്റ്യാനോ കളി തുടരും. 2027ജൂൺ വരെയാണ് ക്ളബുമായുള്ള കരാർ.കരിയറിൽ 1000 ഗോളുകൾ തികച്ച്, കരാർ പൂർത്തിയാക്കി അടുത്ത ജൂണോടെ താരം പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കുമെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |