
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ലോക ഫുട്ബാളിലെ ത്രിമൂർത്തികളായി നിറഞ്ഞുനിന്ന മൂന്നുപേരുടെ വിരമിക്കലിനാണ് 2026 സാക്ഷിയാവുന്നത്. മെസി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നീ മൂന്നുപേർ അന്താരാഷ്ട്ര ഫുട്ബാളും ക്ളബ് ഫുട്ബാളിലും വീരനായകരായി നിറഞ്ഞാടിയ രണ്ട് പതിറ്റാണ്ടുകൾ. പെലെയ്ക്കും മാറഡോണയ്ക്കും ശേഷം ഏറ്റവുമധികം ആഘോഷിക്കപ്പെട്ടവർ.
ആദ്യം പടിയിറങ്ങിയത് നെയ്മറാണ്. ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ നോർവേയ്ക്ക് എതിരെയായിരുന്നു പരിക്കുകൾ വിലങ്ങുതടിയായ നെയ്മറിന്റെ കരിയറിലെ അവസാന മത്സരം. പിന്നാലെ മെസിയും വിരമിക്കൽ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിന് ബെനിന് എതിരെയായിരുന്നു മെസിയുടെ വിടവാങ്ങൽ മത്സരം. ഈ മത്സരത്തിലും ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസി മടങ്ങിയത്.
ലോകകപ്പിൽ പ്രതീക്ഷിച്ചപോലെ ഉയരാനായില്ലെങ്കിലും തുടർന്നും ദേശീയ ടീമിനായി കളിക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെ പദ്ധതി. ഫിറ്റ്നസ് ഉള്ളിടത്തോളം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കോച്ചുമായി തെറ്റിയതോടെ എല്ലാം തകിടം മറിഞ്ഞു.
നെയ്മറും മെസിയും വിരമിച്ചപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്രിസ്റ്റ്യാനോ ഭാവുകങ്ങൾ നേർന്നിരുന്നു. ക്രിസ്റ്റ്യാനോയുടെ വിരമിക്കലിൽ 'ഇതിഹാസം" എന്ന ഒറ്റവാക്കിലാണ് നെയ്മർ പ്രകീർത്തിച്ചത്. മെസി പ്രതികരിച്ചിട്ടില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ആഗോള പ്രതിഭയാണ്. പോർച്ചുഗൽ ഫുട്ബാളിന്റെ അടയാളം. എനിക്കൊപ്പം ക്രിസ്റ്റ്യാനോ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു, അഭ്യർത്ഥിച്ചു. പക്ഷേ തീരുമാനം മറിച്ചായിരുന്നു. ആ തീരുമാനത്തെ അംഗീകരിക്കുന്നു
- ജോർജ് ജെസ്യൂസ് , പോർച്ചുഗീസ് കോച്ച്.
ഒരു ആധുനിക ഫുട്ബാളർ എങ്ങനെയായിരിക്കണമെന്ന് അടയാളപ്പെടുത്തിയ യുഗത്തിനാണ് ക്രിസ്റ്റ്യാനോ വിരാമമിട്ടിരിക്കുന്നത്. തന്റെ ഗെയിമിനോട് അത്യസാധാരണമായ ആവേശവും പ്രതിബന്ധതയും ബഹുമാനവും എക്കാലവും ക്രിസ്റ്റ്യാനോ കാണിച്ചു. പോർച്ചുഗലിലെ മൂന്ന് നഗരങ്ങളുടെ പേരുപോലും അറിയാത്തവർ ലോകമെങ്ങും ക്രിസ്റ്റ്യാനോയേയും ആ ഏഴാം നമ്പർ ജേഴ്സിയേയും കുറിച്ച് വാചാലരാകുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ഏറ്റവും മനോഹരമായ ഒരു വിടവാങ്ങൽ മത്സരമൊരുക്കാൻ ഫെഡറേഷൻ തയ്യാറാകണം.
ഫുട്ബാളിനെക്കാളുപരി ക്രിസ്റ്റ്യാനോ എനിക്കെല്ലാമായിരുന്നു. എല്ലാ നല്ല ഓർമ്മകൾക്കും നന്ദി ക്രിസ്
- പെപ്പെ, മുൻ പോർച്ചുഗീസ് താരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |