നാളെയാണ് ദീപാവലി. പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതെ നോക്കണം, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ പരമാവധി ഉപയോഗിക്കണം തുടങ്ങിയ മുന്നറിയിപ്പുകൾ ഇതിനകം അധികൃതർ പുറപ്പെടുവിച്ചുകഴിഞ്ഞു. ഹരിത പടക്കങ്ങൾ എന്നുകേൾക്കുന്നതല്ലാതെ അത് എന്താണെന്ന് പലർക്കും അറിയില്ല. മാത്രമല്ല അവ പൂർണമായും മലിനീകരണ മുക്തമാണോ എന്ന കാര്യത്തിലും പലർക്കും സംശയമുണ്ട്. സാധാരണ പടക്കങ്ങളിൽ നിന്ന് ഹരിത പടക്കങ്ങളെ തിരിച്ചറിയാനുള്ള വഴിയാണ് ഭൂരിപക്ഷത്തിനും അറിയാത്തത്.
സാധാരണ പടക്കങ്ങളിൽ നിറങ്ങൾ, പ്രകാശം, വലിയ ശബ്ദം, പൊട്ടിത്തെറി എന്നിവ സൃഷ്ടിക്കാനായി വിവിധ രാസവസ്തുക്കളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇവ കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ പോലുള്ള സൂക്ഷ്മ കണികകൾ, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, വിവിധ ലോഹങ്ങൾ എന്തിവ പുറന്തള്ലുന്നു. വായുവിൽ തങ്ങിനിൽക്കുന്ന വളരെചെറിയ ഖരകണങ്ങളെയും ദ്രാവക തുളളികളെയുമാണ് സൂക്ഷ്മ കണികകൾ എന്നുപറയുന്നത്. ശ്വസിക്കുമ്പോഴും മറ്റും ഇവ ശരീരത്തിനുള്ളിലെത്തുകയും ശ്വസന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
എന്നാൽ, ഹരിതപടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഇത്തരത്തിൽ വൻതോതിൽ രാസവസ്തുക്കൾ പുറന്തള്ളുന്നില്ല. ഉപയോഗിക്കുന്ന വസ്തുക്കളുടെ രാസഘടനയിലും നിർമാണ പ്രക്രിയയിലും മാറ്റങ്ങൾ വരുത്തിയാണ് ഹരിത പടക്കങ്ങൾ നിർമ്മിക്കുന്നത് എന്നതാണ് ഇതിന് കാരണം. കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) വിവിധ ലബോറട്ടറികളിലാണ് ഹരിതപടക്കങ്ങൾ വികസിപ്പിച്ചത്. നാഷണൽ എൻവയോൺമെന്റൽ എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 2019ലാണ് സർക്കാർ ഈ ഉല്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചത്. പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് ഇത്തരം പടക്കങ്ങളിൽ സൂക്ഷ്മ കണികകളുടെ പുറന്തള്ളൽ മുപ്പതുശതമാനമെങ്കിലും കുറയ്ക്കും എന്നാണ് കണക്കാക്കുന്നത്.
ഹരിത പടക്കങ്ങളിൽ മൂന്നുതരത്തിലുള്ള രാസഘടനകളാണ് ഉപയോഗിക്കുന്നത്. സാധാരണ പടക്കങ്ങളുടെ ദൃശ്യ-ശബ്ദ വിസ്മയങ്ങൾ നിലനിറുത്തുകയും മലിനീകരണം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിനാണിത്.
സേഫ് വാട്ടർ റിലീസർ: പോളിമർ അധിഷ്ഠിത വസ്തുക്കൾ ഉൾപ്പെടെ ജലം പുറത്തുവിടുന്ന പദാർത്ഥങ്ങൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പടക്കം കത്തുമ്പോൾ ജലബാഷ്പം പുറത്തുവരും. അതുകൊണ്ടുതന്നെ പടക്കം പൊട്ടുമ്പോൾ സൂക്ഷ്മ കണങ്ങൾ പുറത്തുവരുന്നത് ഒരുപരിധിവരെ നിയന്ത്രിക്കപ്പെടും.
അലുമിനിയം പരമാവധി കുറയ്ക്കും: ഹരിതപടക്കങ്ങളുടെ നിർമ്മാണത്തിന് അലൂമിനിയത്തിന്റെ അളവ് വൻതോതിൽ കുറയ്ക്കുന്നു. ഇതിന് പകരമായി സിയോലൈറ്റ് അധിഷ്ഠിത വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
അയൺ ഓക്സൈഡ്: പടക്കങ്ങളുടെ ജ്വലനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അയൺ ഓക്സൈഡ് ഉപയോഗിക്കുന്നു. അതിനാൽ പടക്കം കത്തുമ്പോൾ പുറന്തള്ളുന്ന മലിനീകരണ വസ്തുക്കളുടെ അളവ് പരമാവധി കുറയ്ക്കാൻ കഴിയുന്നു.
ഒരിക്കലും അല്ല. അധികൃതരുടെ സർട്ടിഫിക്കറ്റ് ലഭിച്ച ഹരിത പടക്കങ്ങൾ പോലും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. എന്നാൽ പരമ്പരാഗത പടക്കങ്ങളുടെ അത്രയില്ലെന്ന് മാത്രം. ഒരു നിശ്ചിതസ്ഥലത്ത് എത്രത്താേളം പടക്കങ്ങൾ പൊട്ടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മലിനീകരത്തിന്റെ തോത്.
വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക പ്രവർത്തനങ്ങൾ, വയലുകളിൽ വിളകളുടെയും മറ്റും അവശിഷ്ടങ്ങൾ കത്തിക്കുന്നത് എന്നിവമൂലമുണ്ടാകുന്ന മലിനീകരണത്തിനൊപ്പം പടക്കങ്ങളും കൂടിയാകുമ്പോൾ സ്ഥിതി ഗുരുതരമാകും. കാലാവസ്ഥാ സാഹചര്യങ്ങൾ രാസവസ്തുക്കൾ കൂടുതൽ സമയം ഭൂമിക്ക് സമീപം തങ്ങിനിൽക്കാൻ ഇടയാക്കുകയും ചെയ്യും.
പാക്കറ്റിൽ ലേബൽ പതിച്ചതുകൊണ്ടുമാത്രം അത് ഹരിത പടക്കങ്ങൾ ആവില്ല. ഹരിതപടക്കങ്ങൾക്ക് ആവശ്യമായ CSIR-NEERI അംഗീകാരവും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷന്റെ സർട്ടിഫിക്കേഷനും ഉണ്ടോ എന്ന് പരിശോധിക്കണം.
With Diwali tomorrow, authorities have issued safety advisories urging people to avoid accidents while bursting firecrackers and use green crackers as much as possible to reduce air pollution. However, many people are still unaware of what green crackers actually are.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |