ഹൈദരാബാദ്: നിർണായകമായ നാലാം മത്സരത്തിൽ 24 റൺസിന്റെ ജയം നേടി ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി വെസ്റ്റിൻഡീസ് (2-2). ഇരുടീമും രണ്ട് മത്സരം വീതം ജയിച്ചതിനാൽ പരമ്പരയിലെ അഞ്ചാം മത്സരം ഫൈനലായി മാറി. ശനിയാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയം വേദിയായ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് ക്യാപ്ടൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 247റൺസെടുക്കാൻ കഴിഞ്ഞു. മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് അവസാനിച്ചു. ബാറ്റിംഗിനിടെ പരിക്കേറ്റ അർഷ്ദീപ് സിംഗ് റിട്ടയേർഡ് ഹർട്ടായതോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശീല വീണത്.
ഇന്ത്യയ്ക്കായി മലയാളി ഓപ്പണർ സഞ്ജു സാംസൺ (23 പന്തിൽ 56) അർദ്ധ സെഞ്ച്വറിനേടി. സഞ്ജുവിനെക്കൂടാതെ തിലക് വർമ്മ (25 പന്തിൽ 43), നിതീഷ് കുമാർ റെഡ്ഡി (20 പന്തിൽ 41) എന്നിവരും പൊരുതി നോക്കി. അഭിഷേക് ശർമ്മ (24 പന്തിൽ 29) ഭേദപ്പെട്ട പ്രകടനം നടത്തി. 5 വിക്കറ്റ് വീഴ്ത്തിയ കീമോ പോളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ പ്രതിസന്ധിയിലാക്കിയത്. അടിച്ചു തകർക്കുകയായിരുന്ന സഞ്ജുവിനെയും പകരമെത്തിയ ഇഷാൻ കിഷനെയും തന്റെ ആദ്യ ഓവറിൽ (ഇന്ത്യൻ ഇന്നിംഗ്സിലെ 5ാം ഓവർ) തന്നെ മടക്കി പോൾ വിൻഡീസിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ശ്രേയസ് അയ്യർ വെസ്റ്റിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. റണ്ണൊഴുകും പിച്ചിൽ തുടക്കം മുതൽ വിൻഡീസ് ബാറ്റർമാർ അടിതുടങ്ങി. 50 പന്തിൽ 4 ഫോറും 9 സിക്സും ഉൾപ്പെടെ 102 റൺസുമായി പുറത്താകാതെ നിന്ന ഷായ് ഹോപ്പാണ് പതിവുപോലെ വിൻഡീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
നിതീഷ് കുമാർ എറിഞ്ഞ വിൻഡീസ് ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകളും സിക്സിന് പറത്തിയാണ് ഹോപ്പ് പരമ്പരയിലെ രണ്ടാം സെഞ്ച്വറി അടിച്ചത്. റുഥർഫോർഡ് 26 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. ജൂവൽ ആൻഡ്രു (16 പന്തിൽ 21), ഹെറ്റ്മെയർ (12 പന്തിൽ 33), റോവ്മാൻ പവൽ (17പന്തിൽ 24) എന്നിങ്ങനെയാണ് ഇന്നലെ ബാറ്റിംഗിനിറങ്ങിയ മറ്റ് വിൻഡീസ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ഹോപ്പും ആൻഡ്രുവും ചേർന്ന് 4.2 ഓവറിൽ 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പേസർമാർ നല്ല തല്ലു വാങ്ങിയപ്പോൾ 5ാം ഓവർ അക്ഷർ പട്ടേലിന് നൽകാനുള്ള ശ്രയസിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.
ആൻഡ്രുവിനെ രണ്ടാം പന്തിൽ അക്ഷർവിക്കറ്രിന് മുന്നിൽ കുടുക്കി. പകരമെത്തിയ ഹെറ്റ്മേയറും അടിച്ച് തകർത്തതോടെ വിൻഡീസ് സ്കോർ കുതിച്ചു. 7.4 ഓവറിൽ വിൻഡീസ് 100 കടന്നു. ഹെറ്രിയെ പുറത്താക്കി പ്രിൻസാണ് കൂട്ടുകെട്ട് പൊളിച്ചത്. ഹോപ്പിനൊപ്പം 24 പന്തിൽ 58റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടാണ് ഹെറ്രിയുടെ മടക്കം. പവലും ഹോപ്പിന് നല്ലപിന്തുണ നൽകിയ ശേഷമാണ് മടങ്ങിയത്. പവലിനെ അർഷ്ദീപ് സഞ്ജുവിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. തുടന്ന് തകർക്കപ്പെടാത്ത നാലാം വിക്കറ്റിൽ ഹോപ്പും റുഥർഫോർഡും 43 പന്തിൽ 91 റൺസ് അടിച്ചുകൂട്ടി വിൻഡീസിനെ മികച്ച സ്കോറിൽ എത്തിച്ചു.
West Indies defeated India by 24 runs in the crucial fourth T20 match, leveling the series at 2-2. With both teams winning two matches each, the fifth and final match will decide the series.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |