ഭൂമിക്കപ്പുറം മറ്റെവിടെയെങ്കിലും മനുഷ്യവാസം സാദ്ധ്യമാകുമോയെന്നാണ് ശാസ്‌ത്രലോകം പ്രധാനമായും അന്വേഷിക്കുന്നത്. ചന്ദ്രനിലും ചൊവ്വയിലുമുൾപ്പടെ സൗരയൂഥത്തിൽ മറ്റെവിടെയെങ്കിലും മനുഷ്യൻ ദീർഘകാലം താമസിക്കുന്ന സാഹചര്യം ഭാവിയിൽ ഉണ്ടായേക്കാം. എന്നാൽ ഭൂമിയിൽനിന്ന് വ്യത്യസ്‌തമായൊരു സാഹചര്യത്തിൽ അവിടെ മനുഷ്യനായൊരു വാസസ്ഥലം ഒരുക്കുന്നതെങ്ങനെയാണ്? സൂര്യനിൽനിന്നുള്ള ശക്തമായ വികിരണങ്ങൾ, അത്യുഷ്‌ണം, അതിശൈത്യം, പരിമിതമായ ഊർജസ്രോതസുകൾ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നൊരു വീട് അവിടെ എങ്ങനെയാണ് ഒരുക്കുന്നത്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല അവതരിപ്പിച്ച ഭീം എന്ന ആശയം. ഭീം എന്നത് ഭാരതീയ ഹാബിറ്റബിൾ എക്‌സ്‌പാന്റബിൾ എക്‌സ്‌ട്രാടെറസ്‌ട്രിയൽ ഹാബിറ്ററ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ലളിതമായി പറഞ്ഞാൽ, ഭൂമിക്കപ്പുറം മനുഷ്യന് ജോലിചെയ്യാനും താമസിക്കാനും കഴിയുന്ന, ഇന്ത്യൻ ബഹിരാകാശ വാസസ്ഥലം വികസിപ്പിക്കുന്നതിനെക്കുറിച്ചുമുള്ളതാണ് ആശയം.
റോക്കറ്റിൽ കയറി ബഹിരാകാശത്തേക്ക് പോകുന്നതും അവിടെ സുരക്ഷിതമായി കഴിയുന്നതും രണ്ട് വ്യത്യസ്‌തതരം വെല്ലുവിളികളാണ്. ബഹിരാകാശ പേടകം നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേക്കാം. പക്ഷേ, ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിയേണ്ടിവന്നാൽ അവിടെയൊരു സുരക്ഷിതമായ താമസസ്ഥലം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ശുഭാംശു ശുക്ലയുടെ ഗവേഷണം ശ്രദ്ധ ചെലുത്തുന്നത് ഈ രണ്ടാമത്തെ കാര്യത്തിനാണ്. മനുഷ്യർ മറ്റൊരു ലോകത്തെത്തിയാൽ അവരവിടെ എങ്ങനെ താമസിക്കും? ഇന്ത്യൻ ബഹിരാകാശയാത്രിക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ അക്കാദമിക് ഗവേഷണത്തിൽനിന്നാണ് ഭീം എന്ന ആശയം രൂപപ്പെട്ടത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് സയൻസിലാണ് ഈ ഗവേഷണം വികസിപ്പിച്ചത്.
റഷ്യയിലെ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ശുഭാംശു ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും ഇന്ത്യൻ ഘട്ടത്തിലെ പരിശീലനം ആരംഭിച്ചത്. ലോഞ്ച് വാഹനത്തെക്കുറിച്ചും ഓർബിറ്റൽ മൊഡ്യൂളിനെക്കുറിച്ചും പഠിക്കുന്നതിനൊപ്പം കഠിനമായ ശാരീരിക പരിശീലനവും ബഹിരാകാശ യാത്രയ്‌ക്കുള്ള പ്രത്യേക പരിശീലനവും അവർ നേടി. എന്നാൽ പരിശീലനം അതിൽ മാത്രം ഒതുങ്ങിയില്ല. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണവുമായ ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അക്കാദമിക് ഗവേഷണം നടത്താനും യാത്രികരെ പ്രോത്സാഹിപ്പിച്ചു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള അവരുടെ അറിവ് കൂടുതൽ ആഴത്തിലാക്കുകയും ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആശയങ്ങൾ കണ്ടെത്തുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.
ഭൂമിക്കപ്പുറത്തെ മനുഷ്യവാസ സ്ഥലങ്ങൾ അഥവാ എക്‌സ്ട്രാ ടെറസ്‌ട്രിയൽ ഹാബിറ്ററ്റ്സ് എന്ന വിഷയമാണ് പഠനത്തിനായി ശുഭാംശു ശുക്ല തിരഞ്ഞെടുത്തത്. അത്തരത്തിലൊരു വാസസ്ഥലത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ വിവിധ സാങ്കേതിക വിദ്യകളും അദ്ദേഹം പരിശോധിച്ചു. ഭൂമിയിൽ നമുക്ക് സ്വാഭാവികമായി ലഭിക്കുന്ന വായു, വെള്ളം, അനുയോജ്യമായ താപനില, സംരക്ഷണം എന്നിവ മറ്റൊരു ഗ്രഹത്തിൽ ലഭിക്കില്ല. അതിനാൽ അവിടെ ജീവിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കേണ്ടിവരും. അതിനായി എന്തെല്ലാം മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് ഗവേഷണം ചർച്ചചെയ്യുന്നത്.
മനുഷ്യർ കൂടുതൽ ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ അവിടെ താമസസ്ഥലം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പ് ഇപ്പോൾതന്നെ തുടങ്ങണമെന്നാണ് ശുംഭാംശു ശുക്ലയുടെ നിലപാട്. '20 വർഷത്തിനപ്പുറം ഭൂമിക്കപ്പുറമുള്ളിടത്ത് മനുഷ്യൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പ് ഇന്നുതന്നെ ആരംഭിക്കണം'. എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഇന്ന് ഭൂമിയിൽനിന്ന് ബഹിരാകാശത്തേയ്‌ക്കുള്ള യാത്രകളെക്കുറിച്ചാണ് ശാസ്‌ത്രലോകം സംസാരിക്കുന്നതെങ്കിൽ നാളെ ഒരു പക്ഷേ ഭൂമിക്കപ്പുറം എത്രകാലം ജീവിക്കാം എന്നായിരിക്കും ശാസ്‌ത്രലോകം ചർച്ചചെയ്യുന്നതെന്ന സൂചനയാണ് ശുഭാംശു ശുക്ലയുടെ ആശയം നൽകുന്ന സൂചന.
Shubhanshu Shukla’s BHEEM concept explores the possibility of building sustainable human habitats beyond Earth, addressing challenges such as radiation, extreme temperatures, air, water, and energy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |