SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.39 AM IST

ആ കാര്യം പഠിക്കാനായില്ല; മന്ത്രിയുടെ നിലപാടിനെ വേദിയിൽ പരസ്യമായി അവഹേളിച്ച് നടൻ സഞ്ജയ് ദത്ത്

sanjay-dutt-
സഞ്ജയ് ദത്ത്

മുംബയ്: മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സർനായിക്കിന്റെ മറാത്തി ഭാഷാ നിർദേശത്തെ പരസ്യമായി അവഹേളിച്ച് നടൻ സഞ്ജയ് ദത്ത്. താനെയിൽ ദഹി ഹണ്ഡി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്ന വേദിയിൽ വച്ചായിരുന്നു സഞ്ജയ് ദത്തിന്റെ പരാമർശം. മഹാരാഷ്ട്രയിലെ ടാക്‌സി ഡ്രൈവർമാർ മറാത്തി പഠിക്കണമെന്ന മന്ത്രിയുടെ നിർദേശത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു നടന്റെ വാക്കുകൾ.

പൂനെയിലെ യെർവാദ ജയിലിൽ ആറുവർഷം കഴിഞ്ഞിട്ടും തനിക്ക് മറാത്തി പഠിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. എന്നാൽ ടാക്‌സി ഡ്രൈവർമാർക്ക് മറാത്തി പഠിക്കാൻ ഓഗസ്റ്റ് 15വരെ സമയപരിധി നിശ്ചയിച്ചിരുന്നതായി പ്രതാപ് സർനായിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിർദേശം പാലിക്കാത്തവരുടെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ ഹിന്ദി സംസാരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇതോടെ സർനായിക്കിനും അദ്ദേഹത്തിന്റെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയ്ക്കും രാഷ്ട്രീയമായി തിരിച്ചടിയുണ്ടായെന്ന വിലയിരുത്തലുകൾക്കിടെയാണ് സഞ്ജയ് ദത്തിന്റെ പരാമർശം.

മുംബയിലെ പ്രത്യേക ടാഡ കോടതി അനധികൃതമായി എ.കെ47 തോക്ക് കൈവശം വച്ച കേസിൽ സഞ്ജയ് ദത്തിന് ആറ് വർഷം തടവ് വിധിച്ചിരുന്നു. ദാവൂദ് ഇബ്രാഹിംസംഘത്തിന്റെ നേതൃത്വത്തിൽ മുംബയിലെത്തിച്ച ആയുധശേഖരത്തിന്റെ ഭാഗമായിരുന്നു തോക്കെന്നാണ് കേസ്. എന്നാൽ സഞ്ജയ് ആറ് വർഷം ജയിലിൽ കഴിഞ്ഞിട്ടില്ല.

ആയുധ നിയമപ്രകാരമാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് സുപ്രീം കോടതി ശിക്ഷ അഞ്ചുവർഷമായി കുറച്ചു. പരോൾ അടക്കമുള്ള ഇളവുകൾ പരിഗണിക്കുമ്പോൾ നാലുവർഷത്തിലേറെയാണ് സഞ്ജയ് ജയിലിൽ കഴിഞ്ഞത്. ജയിലിൽ മറാത്തി സംസാരിക്കുന്ന തടവുകാരും ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും ഇവരിൽ പലരും സഞ്ജയ് ദത്തിനോട് ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നതെന്നും പറയുന്നുണ്ട്.

English Summary

Actor Sanjay Dutt publicly mocked Maharashtra Transport Minister Pratap Sarnaik’s Marathi-language directive during a Dahi Handi event in Thane. Dutt remarked that despite spending years in Pune’s Yerwada jail, he could not learn Marathi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJAY DUTT, MAHARASHTRA, LATESTNEWS, MARATI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360