SignIn
Kerala Kaumudi Online
Monday, 18 May 2026 5.57 PM IST

ആഫ്രിക്ക പിന്നെയും പിളരും,​പുതിയൊരു സമുദ്രമുണ്ടാകാൻ പോകുന്നു

rift

ഭൂകമ്പങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളും മറ്റും കാരണമാണ് ഭൂമിയിൽ ഇന്നുകാണുന്ന പല ഭൂഖണ്ഡങ്ങളും സമുദ്രങ്ങളുമൊക്കെ ഉണ്ടായത്. ആദ്യ‌കാലത്ത്‌ വാൽ‌ബോറ എന്നൊരു സൂപ്പർ‌ കോണ്ടിനന്റ് ഇത്തരത്തിൽ പലതായി മുറിഞ്ഞാണ് ഇന്ന് നാം അറിയുന്ന നിരവധി ഭൂഖണ്ഡങ്ങളായത്. ഇതിൽ ആഫ്രിക്ക വൻകര തന്നെ രണ്ടായി മാറുമെന്ന് മുൻപ് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഈസ്റ്റ് ആഫ്രിക്കൻ റിഫ്‌റ്റ് എന്നറിയപ്പെടുന്ന പ്രതിഭാസം വഴി ആഫ്രിക്ക രണ്ടായി ഭാവിയിൽ വേർപിരിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇപ്പോഴിതാ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മറ്റൊരു വിള്ളൽ കൂടി രൂപപ്പെട്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.സാംബിയ എന്ന രാജ്യത്ത് ഭൂമിക്കടിയിൽ നിന്നും കുമിളകൾക്കൊപ്പം വാതകങ്ങൾ പുറത്തേക്ക് കടക്കുന്നത് കണ്ടെത്തിയ ശാസ്‌ത്രജ്ഞരാണ് പുതിയൊരു വിള്ളൽ ഭൂമിയിൽ സംഭവിച്ചെന്ന് കണ്ടെത്തിയത്. ചില ജലപ്രവാഹങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഭൂമി വീണ്ടും പിളരുന്ന പ്രക്രിയയുടേതാണ് ഇതെന്ന് മനസിലാക്കാനായത്.

സാംബിയയെ മുറിച്ചുകടക്കുന്ന കഫു റിഫ്റ്റ് എന്ന വലിയ വിള്ളലിൽ നിന്നാണ് കുമിളകളും വാതകങ്ങളും പുറത്തുവന്നത്. ഇന്നുവരെ ആരും ഭൂമിയുടെ പിളർപ്പിലേക്കോ വേറൊരു ഭൂഖണ്ഡം ഉണ്ടാകുന്നതിലേക്കോ ഈ വിള്ളൽ നയിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ മൈക്ക് ഡാലി എന്ന പ്രൊഫസറും സംഘവും ഇക്കാര്യം സ്ഥിരീകരിച്ചു. ജലപ്രവാഹങ്ങളിൽ നിന്നും മറ്റും ശേഖരിച്ച ഗ്യാസ് സാമ്പിളുകൾ ഉപയോഗിച്ചാണ്‌ ഇവർ ഇക്കാര്യം പഠനവിധേയമാക്കിയത്. സാമ്പിളുകളിലെ ഹീലിയം ഐസോട്ടോപ്പുകളും മറ്റ് മൂലകങ്ങളും കണ്ടെത്താൻ അവർ അവ വിശകലനം ചെയ്‌തു.

rift-valley

ഭൂമിയുടെ ഏറ്റവും പുറം ഭാഗമായ ഭൂവൽക്കത്തിന് തൊട്ടുതാഴെയുള്ള മാന്റിൽ എന്ന ഭാഗത്ത് പ്രത്യേകതരം ഹീലിയത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഗവേഷകർ ശേഖരിച്ച വാതക സാമ്പിളുകൾ ഭൂമിയുടെ 25 മുതൽ 100 മൈൽ ഉള്ളിൽ നിന്ന് വന്നതാണെന്ന് കണ്ടെത്തി. ഇത്‌ വിള്ളലുണ്ടാകുമ്പോഴാണ്‌ പുറത്തുവരുന്നത്. ആഫ്രിക്കയിലെ മറ്റൊരു വമ്പൻ വിള്ളലായ ഈസ്റ്റ് ആഫ്രിക്കൻ റിഫ്‌റ്റുമായി കഫു റിഫ്റ്റിന്‌ സാമ്യമുണ്ടെന്നും മനസിലാക്കാനായി. കോടിക്കണക്കിന് വർഷം മുൻപാണ് ഈസ്റ്റ് ആഫ്രിക്കൻ റിഫ്‌റ്റിലെ വിള്ളലുകളൊക്കെ രൂപപ്പെട്ടത്. എന്നാൽ സാമ്പിയയിൽ കണ്ടെത്തിയ വിള്ളലുകൾ താരതമ്യേന പുതിയതാണെന്ന് മനസിലാക്കാനായി.

കഫൂ റിഫ്റ്റിലെ വിള്ളൽ യാഥാർത്ഥ്യമാകുമ്പോൽ അത് വളരെ വലുതാകുമെന്നാണ് ഗവേഷകരുടെ അനുമാനം. സാമ്പിയയുടെ അടുത്തുള്ള രാജ്യങ്ങളായ ടാൻസാനിയ, ബോട്‌സ്വാന, നമീബിയ എന്നിവിടങ്ങളിലും ഈ റിഫ്‌റ്റ് എത്താം. 1550 മൈൽ നീളമേറിയതാകും ഇത്. സൗത്ത്‌വെസ്‌റ്റ് ആഫ്രിക്കൻ റിഫ്റ്റ് എന്നാണ് ഗവേഷകർ ഇതിനെ വിളിക്കുന്നത്. ഇത് രൂപപ്പെട്ടാൽ ആഫ്രിക്കയെ രണ്ടായി തിരിക്കും. പുതിയൊരു ഭൂഫലക അതിർത്തിയുണ്ടാകും.

കിഴക്കൻ ആഫ്രിക്കൻ ഭാഗത്തുണ്ടാകുന്ന മാറ്റങ്ങൾ കാരണം ആഫ്രിക്ക ഒരിക്കൽ രണ്ടായി മാറും എന്ന് ഗവേഷകർ കണക്കുകൂട്ടിയിരുന്നു. അതിലും വേഗത്തിലാണ് സൗത്ത്‌വെസ്റ്റ് ആഫ്രിക്കൻ റിഫ്റ്റിന്റെ നീക്കം. ഇതുവഴി പുതിയൊരു സമുദ്രം ഇവിടെയുണ്ടാകും. ഫ്രണ്ടിയേഴ്‌സ് ഇൻ എർത്ത് സയൻസ് എന്ന ശാ‌സ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിലാണ് പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചത്..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AFRICA, RIFT, OCEAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360