SignIn
Kerala Kaumudi Online
Friday, 15 May 2026 11.04 PM IST

പ്രവേശന പരീക്ഷയിലെ സുരക്ഷയെന്നാൽ ഇതാണ്: ചോദ്യപ്പേപ്പർ ലീക്കാവില്ല, കോപ്പിയടി നടക്കില്ല, നീറ്റ് നടത്തുന്നവർ കണ്ടുപഠിക്കേണ്ടത്

gaokao-exam

ഇന്ത്യയിലെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയുടെ ചോദ്യപേപ്പർ ചോർന്നതും പരീക്ഷ റദ്ദാക്കിയതും വലിയ വിവാദമായിരിക്കുകയാണ് . മേയ് മൂന്നിനാണ് ഏകദേശം 22 ലക്ഷം വിദ്യാർഥികൾ നീറ്റ് യുജി എഴുതിയത്. ഇന്ത്യയിലെ മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. എന്നാൽ, നീറ്റ്-യു.ജി പരീക്ഷ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു. തുടർന്ന് പരീക്ഷ റദ്ദാക്കാൻ എൻടിഎ തീരുമാനിക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വർഷങ്ങളായുള്ള കഷ്ടപ്പാടും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇതോടെ തകർന്നടിഞ്ഞത്.

നീറ്ര് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്കിടെ നീറ്റിന്റെ അഞ്ചുമടങ്ങിലധികം വിദ്യാർത്ഥികൾ എഴുതുന്ന ചൈനയിലെ ‘ഗാവോകാവോ’ പരീക്ഷയുടെ സുരക്ഷയെ കുറിച്ച് മാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഗണിതശാസ്ത്ര അദ്ധ്യാപകനായ ആനന്ദ് കുമാർ ഒരു ടെലിവിഷൻ ചർച്ചക്കിടെ നടത്തിയ പരാമർശമാണ് ‘ഗാവോകാവോ’ പരീക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ചൈനയിലെ നാഷണൽ കോളേജ് പ്രവേശന പരീക്ഷയാണ് ഗാവോകാവോ. പൊതു സർവകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് രാജ്യവ്യാപകമായി നടക്കുന്ന പരീക്ഷയാണിത്. ചൈനയിലെ മിക്കവാറും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബിരുദ പ്രവേശനത്തിനുള്ള പ്രാഥമിക കടമ്പയാണ് ഗാവോകാവോ.

2.2 ദശലക്ഷം പേർ നീറ്റ് പരീക്ഷ എഴുതുമ്പോൾ 1.3 കോടിയിലധികം പേരാണ് ചൈനയുടെ ‘ഗാവോകാവോ’ പരീക്ഷ എഴുതുന്നത്. 2025 ജൂണിലെ മാത്രം കണക്കാണിത്. വിദ്യാർത്ഥികളുടെ എണ്ണം മാത്രം കണക്കിലെടുത്താൽ നീറ്റ്-യുജിയുടെ മുത്തച്ഛനായി വരും ചൈനയുടെ ഗാവോകാവോ. ഇതുവരെ ക്രമക്കേടുകളും ഗാവോകാവോ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നതാണ് കൗതുകം.

ചോദ്യ പേപ്പർ ചോർച്ചക്കെതിരെ ചൈനയെപ്പോലെ ഇന്ത്യയിലും കർശനമായ നടപടി സ്വീകരിക്കണമെന്നാണ് ആനന്ദ് കുമാർ പറയുന്നത്. കുരുക്ക് മുറുക്കേണ്ടത് പ്രധാനമാണ്. നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. ചൈനയെപ്പോലെ കർശനമായ നടപടികൾ സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ചൈനയുടെ ഉയർന്ന നിലവാരമുള്ള നിരീക്ഷണ സംവിധാനങ്ങളിലേക്കും പരീക്ഷകളിൽ കൃത്രിമം കാണിക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾക്ക് നേരെയുള്ള കർശനമായ ശിക്ഷകളിലേക്കും വിരൽ ചൂണ്ടുന്നതാണ് ‘ഗാവോകാവോ’ പരീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഗാവോകാവോയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ ഗുരുതരമായ ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പൊലീസ് വിന്യാസം വരെ ഈ പരീക്ഷയുടെ പ്രത്യേകതയാണ്. ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഗാവോകാവോ പരീക്ഷകൾ നടത്തുന്നത്. പ്രവിശ്യാടിസ്ഥാനത്തിലാണ് പരീക്ഷ. അവസാന വർഷ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ഗാവോകാവോ പരീക്ഷ നടത്തുന്നത്. ചൈനീസ് ഭാഷ, ഗണിതം, ഒരു വിദേശ ഭാഷ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. ഈ പരീക്ഷയുടെ സ്കോർ വിദ്യാർത്ഥികൾക്ക് മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനം, കരിയർ അവസരങ്ങൾ എന്നിവ നിർണയിക്കുന്നതിൽ പ്രധാനമാണ്.

1977ലാണ് ഗാവോകാവോ പരീക്ഷ നിലവിൽ വന്നത്. ഗാവോകാവോയ്ക്ക് പുറമേ സോങ്‌കാവോ, ഗുവോകാവോ തുടങ്ങിയ മത്സര പരീക്ഷകളും ചൈന നടത്തുന്നുണ്ട്. അക്കാദമിക് അല്ലെങ്കിൽ വൊക്കേഷണൽ ഹൈസ്‌കൂളുകളിൽ പ്രവേശനം നേടുന്നതിനായി ജൂനിയർ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സീനിയർ ഹൈസ്‌കൂൾ പ്രവേശന പരീക്ഷയാണ് സോങ്‌കാവോ. അതേസമയം സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ചൈനയിലെ ഉയർന്ന മത്സരാധിഷ്ഠിത ദേശീയ സിവിൽ സർവീസ് പരീക്ഷയാണ് ഗുവോകാവോ.

രണ്ട് പരീക്ഷകളിലും കർശനമായ ഇൻവിജിലേഷൻ, ഐഡന്റിറ്റി വെരിഫിക്കേഷൻ, നിയമ നടപടികൾ എന്നിവ ഉൾപ്പെടുന്നു. സൈനിക നിലവാരത്തിലുള്ള നിരീക്ഷണം, എ.ഐ നിരീക്ഷണം, സായുധ എസ്കോർട്ടുകൾ, ചോദ്യപേപ്പറുകൾ സംസ്ഥാന-രഹസ്യ തലത്തിൽ കൈകാര്യം ചെയ്യൽ എന്നിവകൊണ്ട് ഈ പരീക്ഷകൾ കുറ്റമറ്റതാകുന്നു. ചൈന ഗാവോകാവോ പരീക്ഷയെ അതീവ രഹസ്യ സ്വഭാവത്തോടെയാണ് കൈകാര്യം തുടക്കം മുതൽ കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് കൈകാര്യം ചെയ്യുന്നത്.

കനത്ത സുരക്ഷയിലാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. നിരീക്ഷണ ക്യാമറകൾ, ഗാർഡുകൾ എന്നിവയുടെ അകമ്പടിയോടെ 24 മണിക്കൂറും നിരീക്ഷിക്കുന്ന രീതിയിലാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത് . അച്ചടിച്ചുകഴിഞ്ഞാൽ, പേപ്പറുകൾ ജിപിഎസ് ട്രാക്കിങ്, വീഡിയോ മോണിറ്ററിങ്, മൾട്ടി-ലെയേർഡ് സെക്യൂരിറ്റി സ്റ്റോറേജ് സിസ്റ്റങ്ങൾ എന്നിവയുള്ള സായുധ പൊലീസ് അകമ്പടിയോടെ സുരക്ഷിത സ്ഥലത്തേയ്ക്ക് കൊണ്ടുപോകും.

ചൈനയിൽ ഗാവോകാവോ പരീക്ഷാ ദിനം വെറുമൊരു സാധാരണ ദിവസമല്ല. പരീക്ഷകൾ നടക്കുന്ന ചൈനീസ് പ്രവിശ്യകളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബെഡുകൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമുണ്ട്. മെറ്റൽ ഡിറ്റക്ടറുകളും ഇന്റലിജന്റ് സുരക്ഷാ ഗേറ്റുകളും ഇതിനായി അധികൃതർ ഉപയോഗിക്കുന്നു. ആൾമാറാട്ടം തടയുന്നതിനായി മുഖം തിരിച്ചറിയൽ, വിരലടയാള സ്കാനുകൾ, ഐറിസ് പരിശോധന എന്നിവ വേറെ. വയർലെസ് ആശയവിനിമയം തടയുന്നതിന് പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും റേഡിയോ സിഗ്നൽ ജാമറുകളുമുണ്ടാകും. പരീക്ഷാ വേദികൾക്ക് സമീപമുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും ഉണ്ടാകും. പരീക്ഷാ സമയത്ത് വാഹനങ്ങളിൽ ഹോൺ മുഴക്കുന്നത്,​ അനൗൺസ്‌മെന്റുകൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. പരീക്ഷാ സമയങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ ശബ്ദമുണ്ടാക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ല.

ഇത്തരം കർശനമായ നിയന്ത്രണങ്ങൾക്ക് പുറമെ പരീക്ഷാ ക്രമക്കേടിന് ചൈന കഠിനമായ ക്രിമിനൽ ശിക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ്, പിഴ, സ്കോറുകൾ റദ്ദാക്കൽ, ദീർഘകാല പരീക്ഷാ വിലക്ക് എന്നിവയുമുണ്ടാകും. പരീക്ഷാ ഇൻവിജിലേറ്റർമാർക്കും വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും അച്ചടക്ക നടപടി നേരിടേണ്ടിവരും. ​അതേസമയം ഗാവോകാവോ പരീക്ഷ വിദ്യാർഥികളുടെ സമ്മർദങ്ങൾ കൂട്ടുന്നുവെന്നും ഇത് ആത്മഹത്യകൾക്ക് കാരണമാകുന്നുവെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHINA, NEET UG, GAOKAO, EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360