SignIn
Kerala Kaumudi Online
Monday, 05 October 2026 11.31 PM IST

5,​285 പേരെ ഇനിയും കണ്ടെത്താനായില്ല,​ നേപ്പാൾ പ്രളയത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ അവസാനിപ്പിച്ചു

nepal-flood
നേപ്പാളിലെ പ്രളയത്തിൽ നിന്ന്

കാഠ്മണ്ഡു: നേപ്പാളിൽ ഓഗസ്റ്റ് 26ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ 1,455 പേർ മരിക്കുകയും 5,285 പേരെ കാണാതാവുകയും ചെയ്തതിന് പിന്നാലെ 40 ദിവസമായി തുടരുന്ന തെരച്ചിൽ- രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇനി പുനരധിവാസത്തിനും പുനർനിർമാണത്തിനും മുൻഗണന നൽകുമെന്നാണ് നേപ്പാൾ സർക്കാർ അറിയിച്ചിരിക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ മാത്രമാണ് ഇനി നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അദ്ധ്യക്ഷതയിൽ സിംഗ ദർബാർ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഭോട്ടെകോശി-ത്രിശൂലി നദികളിലുണ്ടായ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് യോഗം നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ സുരക്ഷാ സമിതി, ജില്ലാ ദുരന്തനിവാരണ സമിതികൾ, എൻ.ഡി.ആർ.ആർ.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ ശുപാർശകളും ദുരന്തബാധിത മേഖലകളിൽ നടത്തിയ പരിശോധനകളിലെ കണ്ടെത്തലുകളും പരിഗണിച്ചായിരുന്നു തിരച്ചിൽ-രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദുരന്തത്തിൽ ഇതുവരെ 1,455 പേർ മരിച്ചതായും 5,285 പേരെ കാണാതായതായും 13,795 പേരെ രക്ഷപ്പെടുത്തിയതായും എൻ.ഡി.ആർ.ആർ.എം.എ അറിയിച്ചു. ദുരന്തബാധിത മേഖലകളിലെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി വിവിധ മന്ത്രാലയങ്ങളും ഏജൻസികളും സമർപ്പിച്ച 504 പദ്ധതികൾക്കായി 559.17 ബില്യൺ നേപ്പാൾ രൂപയുടെ ബ‌ഡ്ജറ്റ് അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് യോഗം ശുപാർശ ചെയ്തു. അംഗീകരിച്ച പദ്ധതികൾക്ക് ആവശ്യമായ തുക ചട്ടങ്ങൾ അനുസരിച്ച് ധനമന്ത്രാലയം വഴി കണ്ടെത്തും. ചില പദ്ധതികളുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ചിലത് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായ സാഹചര്യത്തിൽ അവയുടെ വിശദാംശങ്ങൾ ലഭിച്ചശേഷം അധിക ബ‌ഡ്ജറ്റ് അനുവദിക്കുന്നതിനുള്ള ശുപാർശ ധനമന്ത്രാലയത്തിന് നൽകാനും എൻ.ഡി.ആർ.ആർ.എം.എയ്ക്ക് നിർദേശം നൽകി.

ദുരന്തബാധിതരായ 1,226 പേർക്കായി വിവിധ കേന്ദ്രങ്ങളിൽ താത്കാലിക താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മിന്നൽപ്രളയമാണ് വടക്കൻ, മദ്ധ്യ നേപ്പാളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തത്. ഹിമാലയൻ അതിർത്തി മേഖലയിൽ നിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി നദി കരകവിഞ്ഞതോടെ വീടുകളും വാഹനങ്ങളും റോഡുകളും പാലങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതികൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ദുരന്തത്തിൽ ടിബറ്റ് മേഖലയിൽ 43 പേർ മരിച്ചതായും 500ലേറെ പേരെ ഇപ്പോഴും കാണാതായതായും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary

Nepal has concluded its 40-day search and rescue operations following the August 26 flash floods that left 1,455 dead and 5,285 missing. The government, through the National Disaster Risk Reduction and Management Authority, will now prioritize rehabilitation and reconstruction efforts, allocating 559.17 billion Nepali rupees for various projects. This decision was made at a meeting chaired by Prime Minister Balendra Shah.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, NEPAL FLASH FLOOD, FOCUS ON REHABILITATION, MISSING, SERACHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360