
ഹൂസ്റ്റണ്‍: ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തിന്റെ പാപഭാരം കഴുകിക്കളഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലാണ് പോര്‍ച്ചുഗല്‍. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നൂനോ മെന്‍ഡസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ആദ്യ പകുതിയുടെ നിയന്ത്രണം മുഴുവനായും പോര്‍ച്ചുഗല്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഹൂസ്റ്റണില്‍.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ നായകന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് പോര്‍ച്ചുഗലിന് ലീഡ് നല്‍കി. 17ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് ഫ്രീകിക്ക്. കിക്കെടുക്കാന്‍ റോണോയും മെന്‍ഡസും തയ്യാറായി നിന്നു. റൊണാള്‍ഡോ ആയിരിക്കും കിക്കെടുക്കുകയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം മെന്‍ഡസിന്റെ വെടിച്ചില്ലന്‍ ഷോട്ട് ഉസ്ബക്കിസ്ഥാന്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയുടെ മൂലയില്‍ പറന്നിറങ്ങി. പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി.
മത്സരത്തിന്റെ 39ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറ്റൊരു തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും വീണു. അതിനിടെ ഉസ്ബക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വാര്‍ പരിശോധനയില്‍ പോര്‍ച്ചുഗീസ് പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തുവെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |