ദുബായ്: ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ദുബായ് പൊലീസ്. വ്യാജ വിസ വാഗ്ദാനങ്ങളും യാത്രാ പാക്കേജുകളും നൽകി പ്രവാസികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നടപടി.
2026 ആദ്യ പകുതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറവുണ്ടായതായി ദുബായ് പൊലീസ് അറിയിച്ചെങ്കിലും തട്ടിപ്പുകളിൽപ്പെടാതിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിർമ്മിത ബുദ്ധിയും അത്യാധുനിക ക്രൈം ഡാറ്റാ അനാലിസിസും ഉപയോഗിച്ചാണ് ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ ദുബായ് പൊലീസ് പ്രതിരോധിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിലവിലില്ലാത്ത തൊഴിലവസരങ്ങൾ, റസിഡൻസി, സന്ദർശക വിസകൾ എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ലൈസൻസില്ലാത്ത കമ്പനികളുടെ പേരുകളിലോ ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിച്ചോ ആണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത്. ജൂലായ് 18ന് ദുബായ് പൊലീസ് ഇതുസംബന്ധിച്ച് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വൻ വിലക്കുറവ് വാഗ്ദാനം ചെയ്ത് വ്യാജ യാത്രാ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയുള്ള ഹോട്ടൽ ബുക്കിംഗും എയർലൈൻ ടിക്കറ്റ് വിൽപ്പനയും വ്യാപകമാണ്.
കുറഞ്ഞ നിരക്കിൽ മോട്ടോർ, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെയും ജൂൺ 16ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും സമൂഹമാദ്ധ്യമങ്ങളിലൂടെ അനധികൃത വിസ സേവനങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്.
മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് പണമയക്കുമ്പോഴും പുതിയ വിസകൾക്കും മറ്റ് സേവനങ്ങൾക്കും ശ്രമിക്കുമ്പോഴും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ അപരിചിതരുമായോ വിശ്വാസയോഗ്യമല്ലാത്ത സോഷ്യൽ മീഡിയ പേജുകളുമായോ പങ്കുവയ്ക്കരുത്.
ഏതെങ്കിലും കമ്പനിയെയോ ബ്രോക്കറെയോ സമീപിക്കുന്നതിന് മുൻപ് അവയ്ക്ക് ലൈസൻസുണ്ടോ എന്ന് ബന്ധപ്പെട്ട ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തുക. അവിശ്വസനീയമായ രീതിയിൽ വിലക്കുറവ് വാഗ്ദാനം ചെയ്ത് ഉടൻ പണം ആവശ്യപ്പെടുന്ന പരസ്യങ്ങൾക്ക് പിന്നാലെ പോകരുത്. വിശ്വസ്തരായ സ്ഥാപനങ്ങൾ വഴി മാത്രം ബുക്കിംഗുകൾ നടത്തുക.
തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ടത്
സംശയാസ്പദമായ ഓൺലൈൻ തട്ടിപ്പുകൾ താഴെ പറയുന്ന മാർഗങ്ങളിലൂടെ ഉടൻ തന്നെ ദുബായ് പൊലീസിനെ അറിയിക്കാം: ദുബായ് പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, ഇക്രൈം പ്ലാറ്റ്‌ഫോം (eCrime platform) ഹെൽപ്‌ലൈൻ നമ്പർ: 901.
Dubai Police shut down 103 fake social media accounts to combat online scams targeting expatriates. These fraudulent schemes offer bogus visas, job opportunities, and travel packages. Authorities warn against unlicensed companies, urging vigilance and verification through official channels to prevent financial exploitation. Expats, including Malayalis, are advised to exercise extreme caution when dealing with online offers and sharing personal information.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |