ദുബായ്: ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ 9.5 കോടി രൂപ സമ്മാനം നേടി മലയാളികളായ പ്രവാസികൾ. കബീർ പൂവത്തിങ്കൽ (48), മുഹമ്മദ് ഷിബിൽ (30) എന്നിവർക്കാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 279പേരാണ് ഇതുവരെ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരായി മാറിയത്.
22 വർഷമായി ദുബായിൽ താമസിക്കുന്ന കബീർ ജൂൺ 13നാണ് ഓൺലൈനായി ടിക്കറ്റെടുത്തത്. 12 വർഷത്തിലേറെയായി ഇദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. അബുദാബിയിൽ ഏവിയേഷൻ ഓപ്പറേറ്ററായിട്ടാണ് കബീർ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന് അഞ്ച് മക്കളുണ്ട്. ഈ സമ്മാനം തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നും എല്ലാവരും ഇത്തരത്തിലുള്ള ഭാഗ്യപരീക്ഷണം നടത്തണമെന്നും സമ്മാനാർഹനായ ശേഷം കബീർ പ്രതികരിച്ചു.
2023 മുതൽ ദുബായിൽ താമസിക്കുന്നയാളാണ് മുഹമ്മദ് ഷിബിൽ. ജൂൺ 18ന് ഓൺലൈനായാണ് ഷിബിൽ ടിക്കറ്റെടുത്തത്. ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണിൽ സെയിൽസ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു ഷിബിലിന്റെ വിവാഹം. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിത്. ഇത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും ഷിബിൽ പറഞ്ഞു.
മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ ഒരു ഇന്ത്യക്കാരന് ആഡംബര കാറും സമ്മാനമായി ലഭിച്ചു. മസ്‌കറ്റിൽ താമസിക്കുന്ന കൗശൽ വേദിനാണ് (39) മെഴ്‌സിഡസ് ബെൻസ് s500 കാർ ലഭിച്ചത്. ജൂൺ 25ന് ഓൺലൈനായിട്ടാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് ഏജന്റായി ജോലി ചെയ്യുകയാണ് കൗശൽ. കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്.
അതേസമയം, ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് ദുബായ് ചേംബേഴ്‌സും ചേർന്ന് സംഘടിപ്പിച്ച നറുക്കെടുപ്പിൽ മലയാളി യുവതിക്ക് അപ്പാർട്ട്‌മെന്റ് സമ്മാനമായി ലഭിച്ചു. പുതുതായി ആരംഭിച്ച വിൻ യുവർ ഹോം കാമ്പെയ്‌നിന്റെ ഭാഗമായാണ് 27കാരിയായ ആയിഷ അമീറിന് ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |