അബുദാബി: പസഫിക് സമുദ്രത്തിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ രൂപപ്പെടുന്ന 'എൽ നിനോ' പ്രതിഭാസം വരും മാസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാൻ സാദ്ധ്യതയുണ്ടെന്നും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറയുന്നു. ശരത്‌കാലത്തും ശൈത്യകാലത്തും എൽ നിനോ കൂടുതൽ ശക്തമാകുമെന്നും അറിയിപ്പുണ്ട്.
പസഫിക് മേഖലയിലെ സമുദ്രതാപനിലയിലും അന്തരീക്ഷ ചംക്രമണത്തിലുമുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമാണ് 'എൽ നിനോ'. ഭൂമദ്ധ്യരേഖയ്‌ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്.
ഇതിനോടനുബന്ധിച്ച് കാറ്റിലും അന്തരീക്ഷ വായുസഞ്ചാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലെ മഴയുടെയും താപനിലയുടെയും രീതികളിൽ വ്യത്യാസം വരുത്താൻ കാരണമായേക്കാം.
എൽ നിനോ സാധാരണയായി രണ്ടോ ഏഴോ വർഷത്തിലൊരിക്കലാണ് സംഭവിക്കുന്നത്. ഒമ്പത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കാറുണ്ട്. സാധാരണയായി മാർച്ചിനും ജൂണിനും ഇടയിൽ രൂപംകൊള്ളുന്ന പ്രതിഭാസം നവംബറിനും ഫെബ്രുവരിക്കുമിടയിൽ അതിന്റെ തീവ്രതയുടെ ഉച്ചസ്ഥായിയിലെത്തുന്നു.
അതേസമയം, പസഫിക് സമുദ്രത്തിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതിനാൽ യുഎഇയിലെ ദൈനംദിന കാലാവസ്ഥയെ എൽ നിനോ നേരിട്ട് ബാധിക്കുകയില്ല. പകരം, അന്തരീക്ഷത്തിലെ മറ്റ് ഘടകങ്ങളിലൂടെയാണ് ഇതിന്റെ സ്വാധീനം മേഖലയിൽ എത്തുന്നത്. ശരത്കാലത്ത്, പ്രത്യേകിച്ച് ഒക്ടോബർ - നവംബർ മാസങ്ങളിൽ യുഎഇയിൽ എൽ നിനോയുടെ സ്വാധീനം കൂടുതൽ പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
El Niño, a climate phenomenon developing thousands of kilometres away in the tropical Pacific, may influence the UAE’s weather in the coming months. The World Meteorological Organization warns it could continue until February 2027 and may strengthen during autumn and winter, potentially bringing notable weather changes to the UAE.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ